Press Club Vartha

തലസ്ഥാനത്ത് കെ എസ് യു പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം: നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: കെ എസ് യു പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. തിരുവനന്തപുരം വിവിധ ഭാഗങ്ങളിലാണ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം നടന്നത്. കേരളവർമ കോളേജിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ബിന്ദുവിന്റെ വീട്ടിലേക്കാണ് മാർച്ച്‌ നടത്തിയത്. മന്ത്രിയുടെ വീടിന് മുന്നിലും പാളയത്തും കെഎസ് യു പ്രതിഷേധമുണ്ടായി. പാളയം റോഡ് കെഎസ് യു ഉപരോധിച്ചു. കേരളീയം ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. കന്റോമെന്റ് പൊലീസ് വാഹനത്തിന്റെ താക്കോൽ പ്രവർത്തകർ നശിപ്പിച്ചു.

മാർച്ചിനിടെ ബാരിക്കേട് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചു. ഇതോടെ പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. ഇതോടെ, പ്രവർത്തകരും പൊലീസും തമ്മിൽ കയ്യാങ്കളിയായി.

പൊലീസ് നടത്തിയ ലാത്തി ചാർജിൽ വിദ്യാർഥിനിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു. മറ്റൊരു വിദ്യാർഥിയുടെ തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് കെഎസ് യു സംസ്ഥാന വ്യാപകമായി വിദ്യഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. മൂന്ന് കെ എസ് യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ്‌ ഗോപു നെയ്യാർ, പ്രതുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനം വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനും കെഎസ്‌യു തീരുമാനിച്ചിട്ടുണ്ട്.

 

Share This Post
Exit mobile version