Press Club Vartha

കേരളീയ’ത്തിന് ഗിന്നസ് തിളക്കം

തിരുവനന്തപുരം: കേരളത്തിന്റെ നേട്ടങ്ങളുടെ അടയാളപ്പെടുത്തലുമായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ‘കേരളീയ’ത്തിന് ഗിന്നസ് നേട്ടത്തിന്റെ കൂടി തിളക്കം. കേരളീയത്തിന്റെ ഭാഗമായി 67-ാമത് കേരളപ്പിറവി ആഘോഷവേളയില്‍, 67 വ്യത്യസ്ത ഭാഷകളില്‍, 67 പേര്‍ ഓണ്‍ലൈന്‍ വീഡിയോ മുഖേന കേരളപ്പിറവി ആശംസകള്‍ നേര്‍ന്നതിലൂടെയാണ് ഈ ഗിന്നസ് നേട്ടം കേരളീയത്തിനു സ്വന്തമായത്. ഇത്രയധികം ആളുകള്‍ ഇത്രയധികം ഭാഷകളില്‍ ഒരേ സമയം ആശംസ നേരുന്ന’ഓണ്‍ലൈന്‍ വീഡിയോ റിലേ’ ചരിത്രത്തില്‍ ആദ്യമാണെന്ന് ഗിന്നസ് അധികൃതര്‍ അറിയിച്ചു. ‘കേരളീയം’ ലോകശ്രദ്ധയിലേക്ക് എത്തിയപ്പോഴാണ് ഗിന്നസ് നേട്ടം കൂടി സ്വന്തമാകുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയോടെ ആരംഭിച്ച ഓണ്‍ലൈന്‍ വീഡിയോ റിലേയില്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണു മലയാള ഭാഷയുടെ പ്രതിനിധിയായി. തുടര്‍ന്നു വിവിധ സംസ്ഥാനങ്ങളില്‍നിന്നുളള കേരള കേഡര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അവരുടെ മാതൃഭാഷകളില്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു. കിഫ്ബി ഉദ്യോഗസ്ഥരും ഈ നേട്ടത്തിന്റെ ഭാഗമായി.

വിവിധ മേഖലകളില്‍നിന്നുള്ള ലോക കേരള സഭാംഗങ്ങള്‍, കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ ഉപഭോക്താക്കള്‍,പ്രവാസി ഡിവിഡന്റ് സ്‌കീമിലെ അംഗങ്ങള്‍ എന്നിവരും ഈ ദൗത്യത്തില്‍ പങ്കാളികളായി. കൂടാതെ ഒട്ടേറെ വിദേശ പൗരന്മാരും അവരുടെ ഭാഷകളില്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നത് ഈ റെക്കോര്‍ഡ് നേട്ടത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘റേഡിയോ കേരളം 1476 എ.എം’ ഈ ഗിന്നസ് ഉദ്യമത്തിന്റെ സംഘാടനത്തില്‍ മുഖ്യ പങ്കുവഹിച്ചു. ഹിന്ദി, ഉര്‍ദു, മണിപ്പൂരി, ഗുജറാത്തി തുടങ്ങി ലിപിയുള്ള വിവിധ ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമേ, ജാപ്പനീസ്, മലയ്, സ്പാനിഷ്, റഷ്യന്‍ തുടങ്ങി നിരവധി വിദേശഭാഷകളിലുള്ള ആശംസകളും ‘കേരളീയ’ത്തിന്റെ ഗിന്നസ് ദൗത്യത്തെ സമ്പന്നമാക്കി. ആഫ്രിക്കയിലെ പ്രാദേശിക ഭാഷകളില്‍ വരെയുള്ള കേരളപ്പിറവി ആശംസകള്‍ വീഡിയോയിലുണ്ട്. കേരളീയത്തിന്റെ ഈ ഗിന്നസ് നേട്ടം, വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ബൃഹത്താക്കാനും പദ്ധതിയുണ്ട്. ലോകത്ത് ഇന്നും സജീവമായ ഏഴായിരത്തില്‍ അധികം ഭാഷകളില്‍ കേരളപ്പിറവി ആശംസകള്‍ നേരുന്ന ഒരു ഓണ്‍ലൈന്‍ വീഡിയോ റിലേ ആണ് ലക്ഷ്യമിടുന്നത്.

Share This Post
Exit mobile version