തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റങ്ങളും പുതിയകാലം ഉയര്‍ത്തുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്ത് കേരളീയം സെമിനാര്‍. കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റാന്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളെ അഭിനന്ദിച്ച വിദഗ്ധര്‍, വിദ്യാഭ്യാസരംഗത്തെ പരിവര്‍ത്തനത്തിന് ഉതകുന്ന ഒട്ടേറെ നിര്‍ദേശങ്ങളും പങ്കുവെച്ചു. ഉന്നതവിദ്യാസ രംഗത്ത് കേരളം ശരിയായ പാതയിലാണെന്നും രാജ്യത്തിനാകെ മാതൃകയാണെന്നും വിദ്യാഭ്യാസ വിദഗ്ധര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസം എന്ന വിഷയത്തില്‍ നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു സംഘടിപ്പിച്ച സെമിനാറില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു.
വിദ്യാര്‍ഥി കേന്ദ്രീകൃതവും വഴക്കമുള്ളതുമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഒരു അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റുുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിജ്ഞാനസമൂഹമാക്കി പരിവര്‍ത്തിപ്പിക്കുന്നതിന് ഉതകുന്ന രീതിയില്‍ വിശാല ലക്ഷ്യത്തോടെയാണ് ഉന്നതവിദ്യാഭ്യാസത്തില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉന്നതവിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും സംസ്ഥാനം സ്വായത്തമാക്കിയ നേട്ടങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും മന്ത്രി ആമുഖ ഭാഷണത്തില്‍ വിശദീകരിച്ചു. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സര്‍വകലാശാലയും ഡിജിറ്റല്‍ പാര്‍ക്കും കേരളത്തിലാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി മലയാളികള്‍ കേരളത്തിന് പുറത്തേക്കും വിദേശത്തേക്കും കൂടുതലായി പോകുന്ന പ്രവണത ഒഴിവാക്കുന്നതിന് വേണ്ട നടപടികളുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോവുകയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തി.
സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതിനായി നിയമ നിര്‍മാണം നടത്തും. മികച്ച ഭൗതിക സൗകര്യവും അക്കാദമിക നിലവാരവുമുള്ള സ്ഥാപനങ്ങളെ സര്‍വകലാശാലകളാക്കുന്നത് പരിഗണിക്കാം എന്നാണ് സര്‍ക്കാര്‍ നിലപാട്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അന്തസോടെ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും സാഹചര്യമൊരുക്കാന്‍ ചാര്‍ട്ടര്‍ ഓഫ് റൈറ്റ്‌സ് തയ്യാറാക്കി പ്രസിദ്ധീകരിക്കും.
വിദ്യാഭ്യാസത്തെ തൊഴിലുമായി ബന്ധിപ്പിക്കുന്നതിന് സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് കോഴ്‌സുകള്‍ തയ്യാറാക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്റെ 30 കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതില്‍ അഞ്ചെണ്ണം പ്രാരംഭ ഘട്ടത്തിലാണ്. 20 ഗവ: കോളേജുകളെ കോണ്‍സ്റ്റിറ്റിയുവന്റ് കോളേജുകളാക്കി ഉയര്‍ത്തും. ഉന്നതവിദ്യാഭ്യാസ രംഗത്ത് പൂര്‍വ വിദ്യാര്‍ത്ഥി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സമഗ്ര റിപ്പോര്‍ട്ട് ഇഷിത റോയ് അവതരിപ്പിച്ചു. സമൂഹ കേന്ദ്രീകൃതമായ ഒരു വിജ്ഞാനസമ്പദ് ഘടനയായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. സുസ്ഥിരവികസന ലക്ഷ്യം വെച്ച് അക്കാദമിക രംഗത്ത് സ്വയംഭരണ സാധ്യതയും വഴക്കമുള്ള കരിക്കുലം ഘടനയുമാണ് ലക്ഷ്യം വെക്കുന്നത്. 2024-25 ല്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (കെഐആര്‍എഫ്), സയന്‍സ് സിറ്റി, അസാപ് പോലുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക് വളരേണ്ടതിന്റെ പ്രാധാന്യം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ (ഐഐടിഎം) പ്രൊഫ. പ്രദീപ് ടി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുകയും വളര്‍ത്തുകയു നിലനിര്‍ത്തുകയും വേണം. സാങ്കേതികവിദ്യക്കും ശാസ്ത്രത്തിനും പ്രാധാന്യം നല്‍കുന്ന നയമാണ് അടുത്ത 20 വര്‍ഷത്തേക്ക് കേരളത്തിനു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. നവകേരളം കെട്ടിപ്പടുക്കുന്നതിന് ഇന്റര്‍ ഡിസിപ്ലിനറി സ്ഥാപനങ്ങളും സമീപനങ്ങളും കൂടുതലായി വരേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വര്‍ത്തമാനകാലത്ത് കേരളം കൈവരിച്ച നേട്ടങ്ങളും ഭാവിയില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും ഡല്‍ഹി സര്‍വകലാശാല പ്രൊഫ. (റിട്ട.) ഡോ. ശ്യാം മേനോന്‍ സംസാരിച്ചു. പൊതുസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും സ്വയം നിലനില്‍ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കണം. സാമൂഹികനീതി പാലിച്ചുകൊണ്ട്, ലാഭേച്ഛയില്ലാതെ, ഉന്നത ആദര്‍ശങ്ങള്‍ കൈവരിക്കുകയാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. സര്‍വകലാശാലകള്‍ ഓര്‍ഗാനിക് സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയം(എന്‍ഇപി) കേരളത്തിന് അനുയോജ്യമായ വിധത്തില്‍ വിദ്യാര്‍ഥി കേന്ദ്രീകൃതമായി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നടപ്പിലാക്കണമെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളം ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും ഈ മേഖലയില്‍ തുല്യത സൃഷ്ടിക്കുന്നതില്‍ ഇനിയും മുന്നേറേണ്ടതുണ്ടെന്ന് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പ്ലാനിംഗിലെ പ്രൊഫ. സുര്‍ജിത് മസുന്ദര്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖല ജനാധിപത്യപരവും തൊഴിലധിഷ്ഠിതവുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഇ.പിക്ക് ബദലായ ഉന്നതവിദ്യാഭ്യാസ മേഖലയിലെ കേരള മാതൃകയെക്കുറിച്ചാണ് കല്‍ക്കട്ട സര്‍വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് വിമന്‍ സ്റ്റഡീസ് പ്രസിഡന്റുമായ ഇഷിത മുഖോപാധ്യായ സംസാരിച്ചത്. വിദ്യാഭ്യാസ രംഗത്തെ പരിമിതികളും വെല്ലുവിളികളും കേരളം നേരത്തേ തിരിച്ചറിഞ്ഞിരുന്നു. വിജ്ഞാന വിതരണത്തില്‍ തുല്യതക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖല പ്രവര്‍ത്തിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.
വിദ്യാഭ്യാസത്തിന്റെ ചരക്കുവത്കരണത്തിനും വിപണന സാധ്യതകള്‍ക്കും അമിത പ്രാധാന്യം നല്‍കുന്ന എന്‍.ഇ.പിയുടെ ദോഷവശങ്ങളെക്കുറിച്ച് ജാഗ്രത വേണമെന്നും അവര്‍ പറഞ്ഞു. ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ്, ഗണിതം തുടങ്ങിയ മേഖലകളില്‍ ഉണ്ടാകുന്ന മുന്നേറ്റങ്ങളാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ അഭിവൃദ്ധിക്ക് ചവിട്ടുപടിയെന്ന് ബാംഗ്ലൂര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ് പ്രൊഫ. സത്യജിത് മേയര്‍ അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയുടെ നവീകരണം അനിവാര്യമാണ്.
മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചാല്‍ മാത്രമേ സംസ്ഥാനത്ത് ലോകനിലവാരത്തിലുള്ള വിജ്ഞാനം സൃഷ്ടിക്കുന്നതിന് സാധിക്കുകയുള്ളൂ. കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക മേഖലയിലുള്ള ഭൗതിക സൗകര്യങ്ങളെയും വൈദഗ്ധ്യത്തെയും കണ്‍സോളിഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവത്ക്കരണത്തെക്കുറിച്ചാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍ സംസാരിച്ചത്. ബിരുദ പഠനത്തിന് ഒരു ആഗോള മാതൃക നാം സ്വീകരിച്ചു കഴിഞ്ഞു. ഇതുവരെ ചുരുക്കം ചില പഠനമേഖലകള്‍ക്ക് മാത്രമേ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. അതു നാനാ പഠനമേഖലകളിലേക്കും വ്യാപിപ്പിക്കണം. ആഗോള ആവശ്യത്തിന് അനുസരിച്ചും കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലും പാഠ്യപദ്ധതി ആവിഷ്‌കരിക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചുവടുവെച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ തുടര്‍ന്നുവരുന്ന കോഴ്‌സുകള്‍ക്കും പ്രോഗ്രാമുകള്‍ക്കും എത്രത്തോളം പ്രസക്തിയുണ്ടെന്ന് പുനരാലോചിക്കേണ്ടതുണ്ടെന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം. വി. നാരായണന്‍ അഭിപ്രായപ്പെട്ടു. നവകേരളത്തില്‍ വിജ്ഞാനസമൂഹം കെട്ടിപ്പടുക്കുന്നതിലെ ലൈബ്രറികളുടെ പങ്കിനെക്കുറിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ. ദിനേശന്‍ സംസാരിച്ചത്. പൊതു ലൈബ്രറികളെ വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ബന്ധിപ്പിക്കണമെന്നും ഗ്രാമീണ വിജ്ഞാന കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ചോദ്യോത്തര സെഷന്‍ അരങ്ങേറി. പാനലിസ്റ്റുകളും മന്ത്രിയും സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ലിംഗപദവി പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും കുട്ടികളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന് ജീവനി പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. സെമിനാറിന്റെ തത്സമയം ആംഗ്യഭാഷാ അവതരണവുംനടന്നു.