Press Club Vartha

ഡിഫറന്റ് ആര്‍ട് സെന്ററിലെ വിഷ്ണുവിനെ സാംസ്‌കാരിക വകുപ്പ് മന്ത്രി ആദരിച്ചു

തിരുവനന്തപുരം: ജപ്പാനിലെ സോഫിയാ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ഓപ്പണ്‍ റിസര്‍ച്ച് കോണ്‍ഫറന്‍സിന്റെ അംഗീകാരം ലഭിച്ച ഡിഫറന്റ് ആര്‍ട് സെന്ററിലെ സെറിബ്രല്‍പാഴ്‌സി ബാധിതനായ വിഷ്ണുവിനെ മന്ത്രി സജി ചെറിയാന്‍ ആദരിച്ചു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കഥകളി രൂപം സ്‌നേഹോപഹാരമായി നല്‍കിയാണ് ആദരിച്ചത്. ഡിഫറന്റ് ആര്‍ട് സെന്റര്‍ പരക്കെ അംഗീകരിക്കപ്പെടുന്നു എന്നതിന്റെ സൂചനയാണ് മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള ക്ഷണമെന്നും വിഷ്ണുവിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ രാജശ്രീവാര്യര്‍, വിഷ്ണുവിന്റെ അമ്മ ദീപ തുടങ്ങിയവര്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ 7നാണ് ടോക്കിയോയില്‍ സോഫിയാ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ വിഷ്ണുവും ഗോപിനാഥ് മുതുകാടും പങ്കെടുത്തത്.

കോണ്‍ഫറന്‍സില്‍ പങ്കെടുത്ത യൂണിവേഴ്സിറ്റി ചാന്‍സിലര്‍ ഡോ.സാലി അഗസ്റ്റിന്‍, പ്രൊഫസര്‍മാരും ഭിന്നശേഷി മേഖലയിലെ പ്രഗത്ഭരുമായ പ്രൊഫ.അക്കീര ഒട്ചുക, തോഷിയ കാക്കൊയ്ഷി, യോഷികസു ഹിരസോവ, തോഡാ മകീകോ, എന്നിവരുടെയും മറ്റ് പാനലിസ്റ്റുകളുടെയും മുന്നില്‍ വിഷ്ണു ഇന്ദ്രജാലം അവതരിപ്പിച്ചു പ്രശംസ നേടിയിരുന്നു. കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന സിംപോസിയത്തില്‍ ഗോപിനാഥ് മുതുകാട് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ഇന്ദ്രജാലാധിഷ്ഠിതമായ പ്രത്യേക ബോധനപ്രക്രിയയിലൂടെ ഭിന്നശേഷിക്കുട്ടികള്‍ക്കുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് വിഷ്ണുവിനെ മുന്‍നിര്‍ത്തി വിശദീകരിക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ പാനലിസ്റ്റുകള്‍ നടത്തിയ ചര്‍ച്ചയില്‍ വിഷ്ണുവിന്റെ മാറ്റം അംഗീകരിക്കപ്പെടുകയും യൂണിവേഴ്‌സിറ്റി വിഷ്ണുവിന് സാക്ഷ്യപത്രം നല്‍കുകയുമാണുണ്ടായത്.

Share This Post
Exit mobile version