Press Club Vartha

ചെറുവയ്ക്കൽ സർക്കാർ യു.പി സ്‌കൂളിന് പുതിയ ഇരുനില മന്ദിരം

കഴക്കൂട്ടം: കഴക്കൂട്ടം ചെറുവയ്ക്കൽ സർക്കാർ യു.പി സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ഏഴ് വർഷത്തിനുള്ളിൽ സ്‌കൂൾ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ 3,800 കോടി രൂപ മുടക്കിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. എല്ലാവർക്കും വിദ്യാഭ്യാസം, ഉച്ചഭക്ഷണ പദ്ധതി, സൗജന്യ പാഠപുസ്തകങ്ങൾ, യാത്രാ ഇളവുകൾ, ഡിജിറ്റൽ സൗകര്യങ്ങൾ തുടങ്ങി വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾക്കാണ് സർക്കാർ പ്രധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴക്കൂട്ടം നിയോജക മണ്ഡലത്തെ മികച്ച വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളുടെയും സർക്കാർ കോളേജുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 2.39 കോടി രൂപയാണ് സ്‌കൂളിൽ പുതിയ കെട്ടിടത്തിനായി അനുവദിച്ചത്.

6,700 ചതുരശ്ര വിസ്തീർണത്തിൽ ഇരുനിലകളിലായി ഏഴ് ക്ലാസ് മുറികൾ, രണ്ട് ലാബ് മുറികൾ, വരാന്ത, ശുചിമുറികൾ, ഭിന്നശേഷി സൗഹൃദ ശുചിമുറികൾ എന്നിവയാണ് നിർമിക്കുന്നത്. 12 മാസമാണ് നിർമാണ കാലയളവ്.

ചെറുവയ്ക്കൽ യു.പി സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശരണ്യ എസ്. എസ്, ഹെഡ്മിസ്ട്രസ് ഉഷാകുമാരി ജി. എസ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.

Share This Post
Exit mobile version