Press Club Vartha

നവകേരള സദസ്സിന് ഇന്ന് കാസർഗോഡ് തുടക്കം

കാസർകോട്: നവകേരള ജനസദസ്സിന് ഇന്ന് കാസർകോട് തുടക്കം. ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജനസദസിന്‍റെ ഉദ്ഘാടനം. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിൽ വച്ചാണ് ഉദ്ഘാടന സമ്മേളനം. ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ജനങ്ങളിൽ നിന്നു നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും 140 നിയോജക മണ്ഡലങ്ങളിലും എത്തും.

ഉദ്ഘാടന വേദിയായ പൈവളിഗെ ഗവ. എച്ച്എസ്എസിൽ 30 മീറ്റര്‍ ഉയരത്തില്‍ ജർമന്‍ പന്തലാണ് സദസ്സിനായി ഒരുക്കിയത്. അതെ സമയം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് കേരളത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ കാസർകോട് എത്തിച്ച ബസ്, എആർ ക്യാംപിലേക്ക് മാറ്റി.

സെലിബ്രിറ്റികൾ, അവാർഡ് ജേതാക്കൾ, തെയ്യം കലാകാരൻമാർ, സാമുദായിക സംഘടനാ നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, സ്വാതന്ത്ര്യസമര സേനാനികൾ, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖർ, തെരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ പ്രതിഭകൾ, കലാകാരൻമാർ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ മണ്ഡലം സദസിലെ പ്രത്യേക ക്ഷണിതാക്കളാകും.

നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിക്കുന്നതു വരെ കൗണ്ടറുകൾ പ്രവർത്തിക്കുമെന്നാണ് അറിയിപ്പ്. മാത്രമല്ല പരാതികൾ സമർപ്പിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കൗണ്ടറുകളിൽ പ്രദർശിപ്പിക്കും. ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപനം.

Share This Post
Exit mobile version