Press Club Vartha

ജനാധിപത്യവിശ്വാസവും പൗരബോധവും മുറുകെപ്പിടിക്കുന്ന പൊതുസമൂഹമാണ് കേരളത്തിന്‍റെ കരുത്ത്; മുഖ്യമന്ത്രി

കണ്ണൂർ: ജനാധിപത്യവിശ്വാസവും പൗരബോധവും മുറുകെപ്പിടിക്കുന്ന പൊതുസമൂഹമാണ് കേരളത്തിന്‍റെ കരുത്ത് എന്ന് പലരും ചൂണ്ടിക്കാണിക്കാറുണ്ട്. അതു പൂര്‍ണ്ണമായും ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് നവകേരള സദസ്സിന്‍റെ രണ്ടാമത്തെ ദിവസവും കണ്ട ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പയ്യന്നൂർ നവകേരള സദസിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാസര്‍കോട് ചെങ്കള മുതല്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കാലിക്കടവ് വരെ വടക്കേയറ്റത്തെ ജില്ലയിലെ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഒരു മഹാ ജനമുന്നേറ്റ സദസ്സായി ഈ യാത്ര ഉയര്‍ന്നു എന്ന് സംശയമില്ലാതെ പറയാന്‍ കഴിയുന്ന അനുഭവമാണെന്നും ജനങ്ങള്‍ കേവലം കേള്‍വിക്കാരായി ഇരിക്കുകയല്ലെന്നും ഓരോരുത്തരും തങ്ങളുടെ സജീവമായ ഇടപെടല്‍ ഉറപ്പാക്കിക്കൊണ്ട് ഇതിനോടൊപ്പം ചേരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൈവെളിഗെയില്‍ ശനിയാഴ്ച റെക്കോഡ് സൃഷ്ടിച്ച ജനാവലിയാണ് ഉദ്ഘാടന പരിപാടിക്കെത്തിയതെങ്കില്‍, ഇന്നലെ ആദ്യദിന പര്യടനത്തില്‍ എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാനും നാടിന്‍റെ പുരോഗതിയ്ക്കായി സ്വന്തം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും പങ്കുവെക്കാനും ഉത്സാഹപൂര്‍വ്വം വന്നു ചേര്‍ന്ന കാസര്‍കോഡ് ജില്ലയിലെ ജനാവലി കേരളത്തിന്‍റെ ഉന്നതമായ ജനാധിപത്യബോധ്യത്തിന്‍റെ മാതൃകയായി വര്‍ത്തിച്ചു. നാടിന്‍റെ പുരോഗതിയ്ക്കായി കൂടുതല്‍ ഊര്‍ജ്ജത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനം നവകേരള സദസ്സ് പകരുകയാണ്.

തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളില്‍ നിവേദനങ്ങള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി 14232 നിവേദനങ്ങളാണ് ലഭിച്ചത്. മഞ്ചേശ്വരത്തു 1908 ഉം കാസര്‍ഗോഡ് 3451ഉം ഉദുമയില്‍ 3733ഉം കാഞ്ഞങ്ങാട് 2840ഉം തൃക്കരിപ്പൂര്‍ 23000ഉം ആണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Post
Exit mobile version