Press Club Vartha

സംസ്ഥാനം ദേശീയ – അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു: മുഖ്യമന്ത്രി പിണറായി വിജയൻ

പാലക്കാട്: സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് വർഷ കാലയളവിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളിലൂടെ സംസ്ഥാനം ദേശീയ – അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നാടായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാന മേഖലകളിൽ നിരാശ ബാധിച്ച കേരളത്തെ പുതുക്കി പണിയാനുള്ള വാഗ്ദാനം സർക്കാർ ഏറ്റെടുത്ത് മുന്നോട്ട് വരികയും ഇതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തു.

സംസ്ഥാനത്തെ അടിസ്ഥാന വികസനത്തിൽ ഇത്തരത്തിൽ വലിയ മാറ്റം സൃഷ്ടിക്കാനായി. ഓഖി, നിപ്പ, പ്രളയം, കാലവർഷക്കെടുതി, കോവിഡ് തുടങ്ങി നിരവധി പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോയിട്ടും ഐക്യത്തോടെ നടത്തിയ ഇടപെടലുകളിലൂടെ സംസ്ഥാനത്ത് നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിനക്കത്തൂർ കാവ് പറമ്പ് മൈതാനത്ത് നടന്ന ഒറ്റപ്പാലം നിയോജകമണ്ഡലതല നവകേരള സദസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പശ്ചാത്തല സൗകര്യ വികസനത്തിന് കിഫ്ബിയിലൂടെ 62,324 കോടിയുടെ ഭരണാനുമതി അനുവദിച്ചു. സംസ്ഥാനത്ത് ഏഴ് വൻകിട പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കൽ നടന്നു വരികയാണ്.

ജില്ലയിൽ കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴി നടപ്പിലാക്കുന്നതിന് വേണ്ട പ്രവർത്തികൾ നടന്നു വരുന്നു. കിഫ്ബിയിലൂടെ 5580 കോടിയിൽ നടപ്പാക്കുന്ന ദേശീയപാത പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ തുടങ്ങി സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന വൻകിട പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി വരികയാണ്. 203 റോഡുകൾ, 91 പാലങ്ങൾ, 51 റെയിൽ പാലങ്ങൾ, 15 ഫ്ലൈ ഓവറുകൾ, ഒരു അടിപ്പാത എന്നിവയ്ക്കായി ഇതുവരെ 18,445 കോടി രൂപയാണ് സംസ്ഥാനത്ത് ചെലവിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ 201 കോടിയിൽ എച്ച്.എൻ.എൽ പദ്ധതി, കൊച്ചിയിൽ ഗിഫ്റ്റ് സിറ്റി പദ്ധതി, വ്യവസായ പാർക്കുകൾ തുടങ്ങിയ പദ്ധതികൾ സർക്കാർ ഏറ്റെടുത്തു.

പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ ഇടപെടലാണ് നടത്തിയത്. കിഫ്ബിയിലൂടെ 2770 കോടിയിൽ 44,705 ക്ലാസ് മുറികൾ, ലാബുകൾ എന്നിവ ഹൈടെക് ആയി. നിലവിൽ 860 സ്കൂളുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. 268 സ്കൂളുകൾ പൂർത്തിയായി. മലയോര,തീരദേശ ഹൈവേ നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ വേഗത്തിൽ നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. 2135 കോടിയിൽ വയനാട് തുരങ്ക പാത, 1515 കോടിയിൽ രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവയും സംസ്ഥാനത്ത് വരികയാണ്. സംസ്ഥാനത്തെ ആധുനിക ലോകത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന് വേണ്ട പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. 9.6 ശതമാനത്തിൽ നിന്ന് 17.6 ശതമാനമായി നാടിന്റെ ആഭ്യന്തര വളർച്ചാ നിരക്ക് ഉൾപ്പടെ വർദ്ധിച്ചു. പ്രതിസന്ധിഘട്ടത്തിലും നിരവധി പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കാനായെന്നും കേരളം തകരുകയല്ല മുന്നേറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം, പ്രതിശീർഷ വരുമാനം എന്നിവയിൽ വലിയ മാറ്റമുണ്ടായി. ഇത്തരത്തിൽ സംസ്ഥാനം സമഗ്ര മേഖലയിലും അഭിവൃദ്ധി നേടി മുന്നോട്ടു പോവുകയാണെന്നും ഇനിയും കേരളത്തെ മുന്നോട്ടു നയിക്കണമെന്നും അടുത്ത 25 വർഷത്തിൽ നാടിനെ വികസിത രാഷ്ട്രങ്ങളിലെ ജീവിത നിലവാര തോതിലേക്ക് ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും ഇതിനുള്ള നടപടിയുമായി മുന്നോട്ടു പോകുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Share This Post
Exit mobile version