Press Club Vartha

എംപിമാര്‍ കേരളത്തിനായി പാര്‍ലമെന്റില്‍ ശബ്ദിക്കാത്തതെന്തെന്ന് ജനം തിരിച്ചറിയണം: മുഖ്യമന്ത്രി പിണറായി വിജയന്‍

പാലക്കാട്: എന്തുകൊണ്ടാണ് കേരളത്തിന് വേണ്ടി പാര്‍ലമെന്റില്‍ ഇടതുപക്ഷേതര എംപിമാരുടെ ശബ്ദം ഉയരാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. കേരളത്തില്‍ നിന്ന് ജനങ്ങള്‍ തെരെഞ്ഞെടുത്തുവിട്ട 18 പേര്‍ പാര്‍ലമെന്റിലുണ്ട്. നാടിന് വേണ്ടി ശബ്ദമുയര്‍ത്താനാണ് ജനം അവരെ അങ്ങോട്ടയച്ചത്. കേരളത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഇത്രയധികം പക്ഷപാതപരമായ നിലപാട് സ്വീകരിച്ചിട്ടും എന്തുകൊണ്ടാണ് അവര്‍ മിണ്ടാത്തത്.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് നേരിയ നീരസം പോലുമുണ്ടാകുന്നത് അവര്‍ക്ക് ബുദ്ധിമുട്ടാകുന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിലെ അവസാനത്തേതും സംസ്ഥാനത്തെ 59-മത് നവകേരള സദസ്സ് തരൂര്‍ മണ്ഡലത്തിലെ വടക്കഞ്ചേരി ബസ് സ്റ്റാന്‍ഡ് മൈതാനത്തു ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നെല്ല് സംഭരിച്ചവകയില്‍ 700 കോടിയിലധികം കേന്ദ്രം കുടിശ്ശികയാക്കി. യുജിസി കമ്മീഷന്‍ അംഗീകരിച്ച ശമ്പള പരിഷ്‌കരണം നടപ്പാക്കിയപ്പോള്‍ അംഗീകരിച്ച് പണം തരുന്നതിന് പകരം അതും കുടിശ്ശികയാക്കി. നമുക്ക് അര്‍ഹമായ നികുതി വിഹിതം തരുന്നില്ല. എന്നിട്ട് ഈ പാര്‍ലമെന്റ് അംഗങ്ങളില്‍ ആരെങ്കിലും ശബ്ദിച്ചോ. സര്‍ക്കാറിനെ വായ്പയെടുക്കാന്‍ അനുവദിക്കുന്നില്ല.

കിഫ്ബി പോലെ തന്നെയാണ് ദേശീയ പാത അതോറിറ്റിയും. അവര്‍ കടമെടുക്കുന്നതിന് കേന്ദ്രത്തിന് കുഴപ്പമില്ല. അത് കേന്ദ്രത്തിന്റെ കടമെടുപ്പ് പരിധിയില്‍ വരുന്നില്ല. എന്നാല്‍ കിഫ്ബി കടം എടുക്കുന്നത് സംസ്ഥാനസര്‍ക്കാര്‍ കടമെടുപ്പ് പരിധിയില്‍ പെടുത്തുന്നു. ഇത് ഇരട്ടത്താപ്പല്ലേ. കിഫ്ബി ഫണ്ട് ഉപയോഗിച്ചല്ലേ സ്‌കൂളുകളും ആശുപത്രികളും നവീകരിച്ചത്. റോഡുകളും പാലങ്ങളും നിര്‍മിച്ചത്. ഇതെല്ലാം നാടിന് വേണ്ടിയായിട്ടും എന്തുകൊണ്ടാണ് ഈ 18 എംപിമാരില്‍ ആരും മിണ്ടാത്തത്. കഴിഞ്ഞ ഏഴര വര്‍ഷം കൊണ്ട് 82000 കോടി രൂപയുടെ പദ്ധതികളിലാണ് കിഫ്ബി വഴി നടപ്പാക്കിവരുന്നത്.

എല്ലാ പാര്‍ലമെന്റ് സെഷന്‍ നടക്കുമ്പോഴും സംസ്ഥാനം എംപിമാരുടെ യോഗം വിളിക്കാറുണ്ട്. ഇത്തവണയും എംപിമാരെ വിളിച്ചുകൂട്ടി സംസ്ഥാനം നേരിടുന്ന പ്രതിസന്ധി അവരെ അറിയിച്ചു. നമ്മുടെ നാടിനെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തെ ഒറ്റക്കെട്ടായി പാര്‍ലമെന്റില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രതിപക്ഷ എംപിമാര്‍ അംഗീകരിക്കുകയുണ്ടായി. എന്നാല്‍ കേന്ദ്രധനമന്ത്രിയെ കണ്ട് നല്‍കാനുള്ള നിവേദനം അവര്‍ ആവശ്യപ്പെട്ടപ്രകാരം തയ്യാറാക്കി നല്‍കിയപ്പോള്‍ ഒപ്പിടാന്‍ തയ്യാറാകാതെ പിന്മാറുകയായിരുന്നു. കേന്ദ്രസര്‍ക്കാറിന് നീരസം ഉണ്ടാകുന്നതില്‍ പ്രതിപക്ഷം എന്തിനാണ് വികാരം കൊള്ളുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

നമ്മുടെ നാടിനോട് കേന്ദ്രം നീതി കേട് കാണിക്കുമ്പോള്‍ പാര്‍ലമെന്റില്‍ ശബ്ദിക്കാത്ത ഇവര്‍ ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ് മറന്നത്. ഇത് നമ്മള്‍ ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ പ്രശ്‌നങ്ങളില്‍ പോലും കേരളത്തിന്റെ വികാരം ഇവര്‍ പ്രതിഫലിപ്പിക്കുന്നില്ല. പലസ്തീന്‍ പ്രശ്‌നത്തില്‍ രാജ്യം കാലങ്ങളായി തുടരുന്ന നയത്തിനെതിരായി പ്രധാനമന്ത്രി നിലപാട് സ്വീകരിച്ചപ്പോള്‍ പോലും ഇവര്‍ മിണ്ടിയില്ല. ലോകം മുഴുവന്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ രാജ്യതലസ്ഥാനത്ത് ഇടതുപക്ഷം മാത്രമാണ് ഐക്യദാര്‍ഢ്യറാലി നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Post
Exit mobile version