Press Club Vartha

കാനം രാജേന്ദ്രന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്; മന്ത്രി എം ബി രാജേഷ്

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കാനം രാജേന്ദ്രന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് മന്ത്രി എം ബി രാജേഷ്.

എഴുപതുകളിലെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം യുവജനസംഘടനാ നേതാവ്, മികച്ച ട്രേഡ് യൂണിയൻ നേതാവ് എന്നീ നിലകളിലും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു. ഏഴും എട്ടും നിയമസഭകളിൽ വാഴൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് അംഗമായ കാനം ജനകീയവികാരം ഫലപ്രദമായി സഭയിൽ പ്രതിഫലിപ്പിക്കുന്ന മികച്ച സാമാജികനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2015 മുതൽ സി പി ഐ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്ന അദ്ദേഹം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ നേതാവായിരുന്നു. എൽ ഡി എഫിൽ കുഴപ്പമുണ്ടാക്കാനുള്ള എതിരാളികളുടെ ശ്രമങ്ങളെ സമർത്ഥമായി പ്രതിരോധിച്ച് പരാജയപ്പെടുത്തിയ നേതാവാണ്. മിതവും ശക്തവുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങൾ.

പറയാനുള്ളത് ഏറ്റവും സൗമ്യമായും ഏറ്റവും വ്യക്തമായും അദ്ദേഹം പറഞ്ഞിരുന്നു. മതനിരപേക്ഷതയും ജനാധിപത്യവും വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് കാനത്തിന്റെ വേർപാട് നികത്താനാവാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.

Share This Post
Exit mobile version