Press Club Vartha

ശിവഗിരി തീർത്ഥാടനം : വകുപ്പുകളുടെ മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിൽ

തിരുവനന്തപുരം: ഇക്കൊല്ലത്തെ ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് സർക്കാർ വകുപ്പുകൾ നടത്തുന്ന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വി. ജോയ് എം. എൽ. എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. തീർത്ഥാടനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകൾ നടത്തുന്ന മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.

തീർത്ഥാടനത്തിനു മുന്നോടിയായി മഠത്തിലേക്കുള്ള റോഡുകളിലെ അറ്റകുറ്റപണികൾ പൂർത്തിയാക്കി വരികയാണ്. പൂർണ്ണമായും ഹരിത ചട്ടം പാലിച്ചു നടക്കുന്ന തീർത്ഥാടനത്തിൽ വർക്കല മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുടിവെള്ള വിതരണത്തിനായി കൃത്യമായ ഇടങ്ങളിൽ ടാങ്കുകളും ടാപ്പുകളും ജലവിഭവ വകുപ്പ് സ്ഥാപിക്കും.വിവിധ പോയിന്റുകളിൽ ഗതാഗത സുരക്ഷയ്ക്കും മറ്റു സേവനങ്ങൾക്കുമായി പോലിസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നുണ്ട്. തീർത്ഥാടനത്തിനെത്തുന്ന ഭക്തരുടെ സുരക്ഷക്കും വാഹന പാർക്കിങ്ങിനും വേണ്ട നടപടികളിലും ധാരണയായി.

ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും കൂടുതൽ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുകൾ നടത്തും. ആവശ്യമെങ്കിൽ ഇലക്ട്രിക് ബസുകളും സർവീസ് നടത്തും. വൈദ്യുതി, വെളിച്ചം തുടങ്ങിയവ മുടക്കമില്ലാതെ ലഭ്യമാക്കും. അലോപ്പതി, ആയുർവ്വേദം, ഹോമിയോ ഡോക്ടർമാരുടെ ഇരുപത്തിനാലു മണിക്കൂർ സേവനവുമുണ്ടാകും. ആംബുലൻസ് സേവനവും ലഭ്യമാക്കും. ഭക്ഷ്യസുരക്ഷ വിഭാഗം,അളവുതൂക്ക വിഭാഗം, അഗ്നി രക്ഷാ വകുപ്പ്, വിനോദ സഞ്ചാര വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. വിവിധ കച്ചവട സ്ഥാപനങ്ങൾക്കൊപ്പം സർക്കാർ വകുപ്പുകളുടെ പ്രദർശന സ്‌റ്റാളുകളും തീർത്ഥാടനത്തിന് മാറ്റുകൂട്ടും.ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ വികസന ഫോട്ടോ പ്രദർശനവും ഒരുക്കുന്നുണ്ട്.

ശിവഗിരി മഠത്തിൽ നടന്ന അവലോകന യോഗത്തിൽ വർക്കല നഗരസഭ ചെയർമാൻ,
കെ. എം ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്മിത സുന്ദരേശൻ, ശിവഗിരി മഠം ട്രഷറർ ശാരദാനന്ദ സ്വാമി , വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Share This Post
Exit mobile version