Press Club Vartha

സ്‌കൂളുകളിലെ ഐ.റ്റി.അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് 40 ലക്ഷം അനുവദിച്ചു: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽ ഐ.റ്റി.അധിഷ്ഠിത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 40 ലക്ഷം രൂപ അനുവദിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കോട്ടൺഹിൽ ഗവ. എൽ പി സ്‌കൂളിൽ ലാംഗ്വേജ് ലാബ് സ്ഥാപിക്കുന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പദ്ധതി.

കൊച്ചു കുട്ടികളുടെ ഭാഷാ പഠനത്തിന് സഹായകരമായ രീതിയിൽ ലിസണിങ്, സ്പീക്കിങ്, റീഡിങ്, റൈറ്റിങ് തുടങ്ങി ഭാഷാ നൈപുണ്യം ആർജിക്കുന്നതിന് ആവശ്യമായ കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങൾ ലാംഗ്വേജ് ലാബിൽ സ്ഥാപിക്കും. ലാപ്‌ടോപ്പ്, ഹെഡ്‌സെറ്റ്, ഇന്ററാക്ടീവ് സ്‌ക്രീൻ ഉൾപ്പെടെ ആധുനിക സജ്ജീകരണങ്ങളോടെയാണ് ഭാഷാ ലാബ് സ്ഥാപിക്കുന്നത്.

ഇതിനു പുറമേ വിവിധ സ്‌കൂളുകളിൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനും തുക അനുവദിച്ചിട്ടുണ്ട്. കോട്ടൺഹിൽ ജി.എച്ച്.എസ്.എസ്, ഗവ. യു.പി.എസ്. തമ്പാനൂർ, ഗവ. മോഡൽ എച്ച്.എസ്.എൽ.പി.എസ്. തൈക്കാട്, സെന്റ് ആൻസ്എൽ.പി.എസ്, പേട്ട എന്നിവിടങ്ങളിൽ കമ്പ്യൂട്ടറുകൾ വാങ്ങുവാനും, ബീമാപള്ളി ഗവ. യു.പി.എസിൽ ലാപ് ടോപ്പുകൾ വാങ്ങുന്നതിനുമാണ് തുക അനുവദിച്ചത്. ഇവയ്‌ക്കെല്ലാം ഭരണാനുമതി ലഭിച്ചതായും കെൽട്രോൺ മുഖാന്തരമാണ് കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങൾ ലഭ്യമാക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Share This Post
Exit mobile version