തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ പലയിടത്തും വലിയ സംഘര്‍ഷം. നവ കേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചത്. ഈ മാർച്ചിലാണ് വ്യാപക സംഘർഷമുണ്ടായത്. മാർച്ചുകള്‍ സ്റ്റേഷനുകൾക്ക് സമീപം പൊലീസ് തടഞ്ഞു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളടക്കം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സെക്രട്ടേറിയേറ്റിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ നടത്തിയ മാര്‍ച്ചിൽ വലിയ സംഘർഷമാണുണ്ടായത്. പ്രവർത്തകർ പൊലീസിന് നേരെ കല്ലും വടികളും ചെരിപ്പുമെറിഞ്ഞു. കൂടാതെ നവകേരളസദസ്സിന്റെ ബാനറുകൾ കീറുകയും പോലീസിനെ ആക്രമിക്കുകയും സെക്രട്ടേറിയേറ്റ് വളപ്പിലേക്ക് കയറാൻ ശ്രമിക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, എം.എല്‍എമാരായ ഷാഫി പറമ്പില്‍, എം.വിന്‍സെന്റ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി എന്നിവരടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു സംസ്ഥാനത്തുടനീളം മാർച്ച് സംഘടിപ്പിച്ചത്.