തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ തീരദേശ റോഡുകളായ വെട്ടുകാട്-ചെറുവെട്ടുകാട് ബീച്ച് റോഡ്, വെട്ടുകാട് ചർച്ച്-വെട്ടുകാട് റോഡ്, ആൾസെയിന്റ്സ് കോളേജ്-വെട്ടുകാട് ചർച്ച് റോഡ് എന്നിവ ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്നതിന് 1.30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.
ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഹാർബർ എൻജിനീയറിങ് വിഭാഗമാണ് റോഡുകളുടെ നിർമ്മാണ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്. നിരവധി വർഷങ്ങളായി സാധാരണ അറ്റകുറ്റപ്പണികള്‍ മാത്രം ചെയ്തിരുന്ന ഈ റോഡുകള്‍ പുതിയ സാങ്കേതികവിദ്യയില്‍ പുനരുദ്ധരിക്കും. റോഡുകൾ ആധുനിക രീതിയിൽ നവീകരിക്കുന്നതോടെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ശംഖുമുഖത്തേക്കും വേളിയിലേക്കും തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് പള്ളിയിലേക്കുമുള്ള യാത്ര സുഗമമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
ടെൻഡർ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നിർമാണം ആരംഭിക്കുവാൻ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.