Press Club Vartha

പോലീസ് നടപടി കോണ്‍ഗ്രസ് നേതാക്കളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: പോലീസ് നടപടി കോണ്‍ഗ്രസ് നേതാക്കളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ.പി.സി.സി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വേദിയിലിരിക്കെ, പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടയില്‍ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിക്കുന്ന കിരാത നടപടിയാണ് പോലീസ് സ്വീകരിച്ചത്. കേരള ചരിത്രത്തില്‍ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോണ്‍ഗ്രസ് നേതാക്കളെ ഒന്നാകെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.

പൊലീസിന്റെ നിയന്ത്രണം പൂര്‍ണമായും സി.പി.എമ്മിന് തീറെഴുതിക്കൊടുത്ത സംസ്ഥാന പൊലീസ് മേധവി, സേനയ്ക്ക് മേല്‍ ഒരു നിയന്ത്രണവും ഇല്ലാതെ വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തുള്ളപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് കാടത്തം കാട്ടിയതെന്നും വി ഡി സതീശൻ പറഞ്ഞു.

രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന പോലീസുകാര്‍ കാലം മാറുമെന്ന് ഓര്‍ക്കണം. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസും യു.ഡി.എഫുും പിന്‍മാറില്ല. ജനവിരുദ്ധ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന്പോകില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Share This Post
Exit mobile version