Press Club Vartha

കെ എസ് ആർ ടി സിയിൽ ഇനി മുതൽ ഓൺലൈൻ പേയ്മെന്റ് ആപ്പുകൾ വഴി ടിക്കറ്റെടുക്കാം

തിരുവനന്തപുരം: ഇനി കെ എസ് ആർ ടി സിയിൽ യാത്ര ചെയ്യാൻ ചില്ലറ തപ്പി കഷ്ടപ്പെടേണ്ട. കെ എസ് ആർ ടി സിയും ഹൈടെക് ആകാനൊരുങ്ങുന്നു. ബസിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഒരുക്കുകയാണ് കോർപറേഷൻ. കെ എസ് ആർ ടി സി ബസുകളിൽ ഇനി ഗൂഗിൾ പേ അടക്കം യുപിഐ പേമന്റ് ആപ്പുകൾ വഴി ടിക്കറ്റെടുക്കാം. കെഎസ്ആർടിസിയിൽ ഡിജിറ്റൽ പണമിടപാടുകൾ ജനുവരി മുതൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ആദ്യഘട്ടമെന്ന നിലയിൽ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്‍റ് ടു പോയിന്‍റ് സർവീസുകളിലുമാകും പരീക്ഷണാർഥം പദ്ധതി ആവിഷ്ക്കരിക്കുക. യു പിഐ, ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ, ചലോ ആപ്ലിക്കേഷനിലെ ചലോ പേ & വാലറ്റ് എന്നീ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി യാത്രക്കാര്‍ക്ക് ഇനി മുതല്‍ സിറ്റി ബസുകളില്‍ ടിക്കറ്റ് എടുക്കാം.

ടിക്കറ്റ് ഡിജിറ്റലായി ഫോണിൽ ലഭിക്കും. ആൻഡ്രോയിഡ് ടിക്കറ്റിങ് മെഷീനുകളായിരിക്കും ബസുകളിൽ ഉപയോഗിക്കുന്നത്.സീസൺ ടിക്കറ്റ്, സൗജന്യ പാസ് തുടങ്ങിയവയുടെ കണക്കുകളും റെഡിമെയ്ഡായി കെഎസ്ആർടിസിക്ക് ലഭിക്കും.

Share This Post
Exit mobile version