തിരുവനന്തപുരം: നാളെ രാത്രിയിൽ സംസ്ഥാന വ്യാപകമായി രാത്രിയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രൈഡേഴ്സ് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച രാത്രി 8 മണി മുതൽ ജനുവരി ഒന്ന് പുലർച്ചെ 6 വരെയാണ് പമ്പുകൾ അടച്ചിടുക.
പുതുവത്സര ആഘോഷം നടക്കുന്ന രാത്രിയിൽ മുൻകരുതലിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനാണ് അടച്ചിടുന്നതെന്നാണ് വിശദീകരണം.
പുതുവത്സര ആഘോഷത്തിനിടെ പെട്രോള്‍ പമ്പുകള്‍ക്ക് നേരെയുള്ള ആക്രമണം പതിവ് സംഭവമായി മാറിയിരിക്കുകയാണെന്നും ഇത്തവണ ഇത്തരം ആക്രമണങ്ങളില്‍ നിന്ന് ജീവനക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് തീരുമാനമെടുത്തതെന്നും സംഘടന അറിയിച്ചു. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ മാർച്ച് മുതൽ രാത്രി 10 വരെ മാത്രമേ പ്രവർത്തിക്കൂ എന്നും സംഘടന മുന്നറിയിപ്പു നൽകുന്നു.