Press Club Vartha

ശിവഗിരി തീര്‍ത്ഥാടനം: ശിവഗിരിയിലും ചെമ്പഴന്തിയിലും പി.ആര്‍.ഡി വികസന ഫോട്ടോ പ്രദര്‍ശനം തുടങ്ങി

തിരുവനന്തപുരം: തൊണ്ണൂറ്റിയൊന്നാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വര്‍ക്കല ശിവഗിരിയിലും ചെമ്പഴന്തി ഗുരുകുലത്തിലും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന വികസന ഫോട്ടോ പ്രദര്‍ശനം തുടങ്ങി. ചെമ്പഴന്തിയിലെ പ്രദര്‍ശനം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെമ്പഴന്തി ഗുരുകുലത്തില്‍ 16 കോടിയുടെ വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയെന്ന് എം.എല്‍.എ പറഞ്ഞു. ഇതിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം അടയാളപ്പെടുത്തുന്ന ഡിജിറ്റല്‍ മ്യൂസിയം രണ്ടാം ഘട്ടമായി ഒരുങ്ങുകയാണ്. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലൊരു ഡിജിറ്റല്‍ മ്യൂസിയം ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭാ കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്‍, ജില്ലാ കളക്ടറുടെ ചുമതലയുള്ള അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജെ.അനില്‍ ജോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സിലാല്‍, സ്വാമി ദേവാനന്ദ, സ്വാമി അഭയാനന്ദ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ശിവഗിരി മഠം ഓഡിറ്റോറിയത്തിന് സമീപമുള്ള ഫോട്ടോ പ്രദര്‍ശനം വി.ജോയ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മികച്ച രീതിയിലുള്ള സൗകര്യങ്ങളാണ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ശിവഗിരി തീര്‍ത്ഥാടനം കൂടുതല്‍ സുഗമമാക്കാനുള്ള വിവിധ പദ്ധതികള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്നും ശിവഗിരി മഠത്തിലേക്ക് തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന തൊടുവൈ പാലത്തിന്റെ നിര്‍മാണത്തിന് നവകേരള സദസ്സിന്റെ ഭാഗമായി മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ അടുത്ത വര്‍ഷത്തോടെ ദേശീയ ജലപാതയുടെ വര്‍ക്കല റീച്ചും വര്‍ക്കല ബൈപ്പാസും കൂടി പൂര്‍ത്തിയാകുമ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ കെ.എം.ലാജി, ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സിലാല്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങള്‍, ലഘുലേഖകള്‍ തുടങ്ങിയവ ഫോട്ടോ പ്രദര്‍ശനം നടക്കുന്ന സ്റ്റാളില്‍ നിന്നും സൗജന്യമായി ലഭിക്കും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശിപ്പിക്കുന്ന എല്‍.ഇ.ഡി വാളും ശിവഗിരിയിലും ചെമ്പഴന്തിയിലും സജ്ജീകരിച്ചിട്ടുണ്ട്.

Share This Post
Exit mobile version