Press Club Vartha

ഒരുമയോടെ നീങ്ങുന്ന നാട് ഏത് പ്രതിസന്ധിയെയും അതിജീവിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: ഒരുമയോടെയും ഐക്യത്തോടെയും മുന്നോട്ടുപോകുന്ന നാട് ഏത് പ്രതിസന്ധിയെയും അതിജീവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന കുന്നത്തുനാട് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുക യായിരുന്നു മുഖ്യമന്ത്രി. നിരവധി പ്രതിസന്ധികൾ കേരളത്തിൽ ഉണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ച് മുന്നേറാൻ കഴിഞ്ഞു. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സർവ്വതല സ്പർശിയായ വികസനം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കാനാകണം. ബഹിഷ്കരണങ്ങൾക്കും പ്രതിസന്ധികൾക്കുമൊന്നും നാടിന്റെ മുന്നോട്ട് പോക്കിനെ തടയാനാവില്ല.
സകല മേഖലകളിലും കേരളം ഇന്ന് കാണുന്ന വികസനം സാധ്യമായത് സർക്കാർ നടപ്പാക്കിയ ബദൽ നയങ്ങളിലൂടെയാണ്. കേരളത്തിന്റെ വികസനത്തെ തടയുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. കേന്ദ്ര നയങ്ങൾ കേരളത്തിന്റെ കാർഷിക മേഖലയെ പ്രത്യേകിച്ച് നാണ്യവിളകളെ പ്രതികൂലമായി ബാധിച്ചു. റബർ മേഖലയിൽ വലിയ പ്രതിസന്ധിയാണ് നേരിടേണ്ടിവന്നത്. റബർ കമ്പനികൾക്ക് ഇറക്കുമതിക്ക് അനുമതി നൽകുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. ആസിയാൻ പോലുള്ള കേന്ദ്രസർക്കാർ ഒപ്പുവച്ച കരാറുകൾ ആണ് റബർ മേഖലയിൽ പ്രതിസന്ധി ഉണ്ടാക്കിയത്. കാർഷിക മേഖലയിൽ മൂല്യവർധിത ഉൽപ്പന്നങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഇത്തരം ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നതിനും വിപണിയിൽ എത്തിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. 13 ഇനം കാർഷിക വിളകൾക്കാണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ താങ്ങുവില പ്രഖ്യാപിച്ചത്.
2011 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലെ സകല മേഖലകളും തകർച്ചയിലായിരുന്നു. തുടർന്നുവന്ന സർക്കാർ സ്വീകരിച്ച നയങ്ങൾ മൂലം കേരളത്തിന്റെ സമസ്ത മേഖലകളിലും വലിയ വികസനം സാധ്യമായി. ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ് ലൈൻ, ഇടമൺ – കൊച്ചി പവർ ഹൈവേ തുടങ്ങിയ പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട പദ്ധതികൾ പുന:രാരംഭിക്കാനും നടപ്പാക്കാനും കഴിഞ്ഞു.
അഞ്ചുലക്ഷം വിദ്യാർത്ഥികൾ കൊഴിഞ്ഞു പോയിരുന്ന പൊതുവിദ്യാഭ്യാസ മേഖലയിൽ പത്ത് ലക്ഷം കുട്ടികൾ പുതുതായി ചേരുന്ന അവസ്ഥയുണ്ടായി. ലോകോത്തര നിലവാരമുള്ള സ്കൂളുകൾ മികച്ച അക്കാദമി നിലവാരത്തോടെ പ്രവർത്തിക്കാൻ ആരംഭിച്ചു.
കേരളത്തിലെ ആരോഗ്യരംഗത്തെ മികവ് ലോകപ്രശസ്തമാണ്. കോവിഡ്ക്കാലത്ത് ആരോഗ്യ രംഗത്തിന്റെ മികവ് നാം നേരിട്ട് അറിഞ്ഞതാണ്.
ക്ഷീരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി ഇടപെടലുകളാണ് സർക്കാർ നടത്തിയത്. തൊടുപുഴയിൽ കന്നുകാലികൾ ചത്ത സംഭവത്തിൽ തക്കസമയത്ത് ഇടപെടൽ നടത്തുന്നതിനും സർക്കാരിന് കഴിഞ്ഞു. ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും സർക്കാർ നടപടി സ്വീകരിച്ചു.
2025 നവംബറിൽ കേരളം ആധികാരി ഇല്ലാത്ത സംസ്ഥാനമായി മാറുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കേരളത്തിലുള്ള 64006 അതി ദരിദ്രരിൽ പകുതിയോളം പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. 2025 നവംബർ ഒന്നിന് കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി മാറും.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ശാക്തീകരിക്കുന്നതിനുള്ള ശ്രമങ്ങളും സർക്കാർ സ്വീകരിച്ചു വരികയാണ്. വ്യവസായികരംഗത്തും സാങ്കേതിക മേഖലയിലും വലിയ മാറ്റങ്ങളാണ് കേരളത്തിലുണ്ടാകുന്നത്. കേരളത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾക്കെല്ലാം കേന്ദ്രസർക്കാരിന്റെ സമീപനം തടസ്സം സൃഷ്ടിക്കുകയാണ്.
കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധ സമീപനം ജനസമക്ഷം അവതരിപ്പിക്കുക എന്നതാണ് നവ കേരള സദസ്സിന്റെ ലക്ഷ്യം. എന്നാൽ നാടിൻറെ നന്മയ്ക്കായി ഒന്നിച്ചു നിൽക്കേണ്ട പ്രതിപക്ഷകക്ഷികൾ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്നാൽ പൊതുജനങ്ങൾ ഈ ബഹിഷ്കരണ ആഹ്വാനം തള്ളിക്കളഞ്ഞതിന്റെ തെളിവാണ് നവകേരള സദസ്സിലേക്ക് ഒഴുകിയെത്തിയ ജനങ്ങൾ വ്യക്തമാക്കുന്നത്. ബഹുജനങ്ങളുടെ സംരക്ഷണത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ വീണാ ജോർജ്, വി.എൻ. വാസവൻ, കെ.ബി. ഗണേഷ് കുമാർ
എന്നിവർ സംസാരിച്ചു.
Share This Post
Exit mobile version