Press Club Vartha

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു അരങ്ങുണർന്നു

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു അരങ്ങുണർന്നു. ആശ്രാമം മൈതാനത്ത് നടക്കുന്ന കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ , ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, സിനിമാനടി നിഖില വിമല്‍ തുടങ്ങിയവരാണ് മുഖ്യാതിഥികളായി എത്തിയത്.

239 ഇനങ്ങളിലായി പതിനായിരക്കണക്കിന് പ്രതിഭകളാണ് കലാമേളയുടെ ഭാ​ഗമാകുക. 59 ഇനങ്ങളിലാണ് ആദ്യദിനം മത്സരങ്ങള്‍ നടക്കുന്നത്. അഞ്ച് ദിവസങ്ങളിലായി 24 വേദികളിലായാണ് മേള. സാംസ്‌കാരികനായകരുടെ പേരാണ് വേദികള്‍ക്ക് നല്‍കിയിട്ടുള്ളത്. 31 സ്‌കൂളുകളുകളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.

രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷികുട്ടികളുടെ കലാവിരുന്ന്, സിനിമാനടി ആശാ ശരത്തും സ്‌കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും നടന്നു. കൂടാതെ ചടങ്ങിൽ സ്വാഗതഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിച്ചു.

ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് കലാമേള സമാപിക്കും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. സിനിമാതാരം മമ്മൂട്ടിയാണ് മുഖ്യാതിഥി. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രതിഭകളെ ആദരിക്കും, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും.

ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപനം ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുമായ സി എ സന്തോഷ് നിര്‍വഹിക്കും. സാംസ്‌കാരിക-മത്സ്യബന്ധന-യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിശിഷ്ടാതിഥിയാകും. നാലാം തവണയാണ് കൊല്ലം സ്കൂൾ കലോത്സവത്തിനു വേദിയാകുന്നത്.

Share This Post
Exit mobile version