പമ്പ: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകർക്ക് മികച്ച ഗതാഗത സൗകര്യം ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. മകരവിളക്കുമായി ബന്ധപ്പെട്ട് 800 ബസുകൾ സംസ്ഥാനത്തുടനീളം അധിക സർവീസ് നടത്തുമെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
കൂടാതെ നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ നാലു ബാരിക്കേഡുകൾ സ്ഥാപിക്കും. ഇത് ഭക്തർക്ക് തിക്കും തിരക്കുമില്ലാതെ ബസ് യാത്ര നടത്തുന്നതിനും നിർത്തിയിട്ടിരിക്കുന്ന ബസിൻ്റെ ഉള്ളിലേക്ക് കയറുന്നതിനും സഹായകമാകും. മാത്രമല്ല നിലയ്ക്കലേക്ക് പോകുന്ന ഭക്തജനങ്ങൾ പരമാവധി ചെയിൻ സർവീസുകൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിലാണ് പുതിയ തീരുമാനം. തീർത്ഥാടകരുമായി പോകുന്ന ബസുകൾ വഴിയിൽ തടഞ്ഞിടരുതെന്ന് പൊലീസിന് നിർദ്ദേശം നൽകുമെന്നും മന്ത്രി അറിയിച്ചു. പമ്പയിൽ നിന്നും ആരംഭിക്കുന്ന ദീർഘദൂര ബസുകളിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞാൽ അവ നിലയ്ക്കൽ ബസ് സ്റ്റാൻ്റിൽ കയറേണ്ടതില്ല. എന്നാൽ ബസിൽ ആളു നിറഞ്ഞിട്ടില്ലെങ്കിൽ ബസുകൾ നിർബന്ധമായും നിലയ്ക്കലിൽ കയറണം. കെഎസ്ആർടിസി ഡ്രൈവർമാർക്കും, ദീർഘദൂര ബസുകളിലെ ഡൈവർമാർക്കും വിശ്രമിക്കാനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.