തൊടുപുഴ: എല്‍ഡിഎഫ് പ്രതിഷേധങ്ങൾക്കിടെ തൊടുപുഴയിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനത്തിനു പങ്കെടുക്കാനായിട്ടാണ് ഗവർണർ തൊടുപുഴയിലെത്തിയത്.
തനിക്ക് ഒരു ഭീഷണിയുമില്ലെന്നും ഇതിലും വലിയ ഭീഷണികള്‍ കണ്ടിട്ടുണ്ടെന്ന് ആരീഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഭരണഘടനയോട് കൂറ് പുലർത്തുമെന്ന് മാത്രമല്ല താൻ പ്രതിജ്ഞയെടുത്തത്. കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കും എന്ന് കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഭൂനിയമ ഭേദഗതി ബില്ലിൽ മൂന്നുതവണ സർക്കാരിനോട് വിശദീകരണം തേടി കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും ചിലർ സമ്മർദ്ദപ്പെടുത്തി കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പെടാത്ത ഗവർണർക്കെതിരെ ഇടുക്കിയിലെ ഇടതുമുന്നണി പ്രവർത്തകർ രാജഭവനിലേക്ക് മാർച്ച് നടത്തുമ്പോഴാണ് ഗവർണർ തൊടുപുഴയിലെത്തിയത്. കേരളത്തിലെ വിദ്യാർത്ഥികൾ വിദേശങ്ങളിലേക്ക് പോകുകയാണെന്നും ഇവിടെ അധ്യയന ദിവസങ്ങൾ സമരങ്ങളും ഹർത്താലും മൂലം ഇല്ലാതാകുന്നുവെന്നും ഗവർണർ പറഞ്ഞു.