Press Club Vartha

ആഴാകുളം കേരളാ സീഫുഡ് കഫേ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: ന്യായ വിലയ്ക്ക് ഗുണമേന്മയുള്ള മത്സ്യവിഭവങ്ങൾ ലഭ്യമാക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മത്സ്യഫെഡ്, വിഴിഞ്ഞം ആഴാകുളത്ത് ആരംഭിക്കുന്ന ‘കേരളാ സീഫുഡ് കഫേ’ തുറന്നു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്.1.5 കോടി രൂപ മുതല്‍ മുടക്കിൽ പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത കെട്ടിടത്തിലാണ് “കേരള സീ ഫുഡ് കഫേ” പ്രവര്‍ത്തനം ആരംഭിച്ചത്.

വൈവിധ്യവല്‍ക്കരണമെന്നതിനോടൊപ്പം വകുപ്പിന്റെ സാമൂഹ്യപ്രതിബദ്ധതയുടെയും സാക്ഷ്യപത്രമാണ്‌ ഈ സ്ഥാപനമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 2017 ലെ ഓഖി ചുഴലിക്കാറ്റില്‍ തിരുവനന്തപുരത്ത് ജീവന്‍ പൊലിഞ്ഞ മത്സ്യത്തൊഴിലാളികളുടെ ആശ്രിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ തുടര്‍ച്ച കൂടിയാണ് ഈ സംരംഭം. ഈ വിഭാഗത്തില്‍ നിന്നുള്ള 20 പേര്‍ക്ക് ഇവിടെ തൊഴില്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സീ ഫുഡ് റെസ്റ്ററന്റുകള്‍ ആരംഭിക്കും. തുടര്‍ന്ന് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും മൂന്നാം ഘട്ടമായി എല്ലാ പഞ്ചായത്തുകളിലും തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഒരേ സമയം 60 പേർക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. കേരളത്തിൻ്റെ തനത് മത്സ്യവിഭവങ്ങൾക്ക് പുറമെ വിദേശ ടൂറിസ്റ്റുകൾക്ക് പ്രിയപ്പെട്ട മത്സ്യ വിഭവങ്ങൾ തയ്യാറാക്കുന്നതിന് പരിശീലനം സിദ്ധിച്ചിട്ടുള്ള ഷെഫുകളുടെ സേവനവും ഇവിടെ ഉണ്ടാകും.

Share This Post
Exit mobile version