Press Club Vartha

ഉത്പാദന മേഖലയ്ക്ക് കരുത്തേകാൻ കരകുളം ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം: കരകുളം ഗ്രാമപഞ്ചായത്ത് 2024-25 ലെ വാർഷിക പദ്ധതി രൂപീകരണത്തിനായി വികസന സെമിനാർ സംഘടിപ്പിച്ചു. ആറാം കല്ല് എസ്.എൻ.ഡി.പി ഹാളിൽ നടന്ന സെമിനാർ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്തും മാലിന്യ സംസ്‌കരണ രംഗത്തും മാതൃകാപരമായ പ്രവർത്തനമാണ് കരകുളം ഗ്രാമ പഞ്ചായത്ത് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു . മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വികസന ഫണ്ടിന്റെ 30 ശതമാനം തുക ഉത്പാദന മേഖലയുടെ പരിപോഷണത്തിനും സംരക്ഷണത്തിനുമായി നീക്കിവച്ചിരിക്കുന്നത് ആശാവഹമാണ്. ഇത്തരത്തിൽ ഓരോ മേഖലയേയും കേന്ദ്രീകരിച്ചുള്ള സൂക്ഷ്മമായ പ്രവർത്തനം ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ കരുത്ത് വ്യക്തമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 2024-25 സാമ്പത്തിക വർഷത്തെ കരട് പദ്ധതി രേഖ മന്ത്രി പ്രകാശനം ചെയ്തു.

 

പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ വീണ ചന്ദ്രൻ ജി.പി കരട് പദ്ധതി രേഖ അവതരിപ്പിച്ചു. കരകുളം ഗ്രാമപഞ്ചായത്തിലെ 13 വർക്കിംഗ് ഗ്രൂപ്പുകൾ തയാറാക്കിയ നിർദേശങ്ങൾ, 23 ഗ്രാമസഭകളിലും സ്‌പെഷ്യൽ ഗ്രാമസഭകളിലും ചർച്ച ചെയ്തിരുന്നു. ഇത്തരം ചർച്ചകളുടെ അടിസ്ഥാനത്തിൽ ലഭിച്ച നിർദ്ദേശങ്ങൾ കൂട്ടിച്ചേർത്താണ് കരട് പദ്ധതി രേഖ തയാറാക്കിയിരിക്കുന്നത്. ഉത്പാദന മേഖലയ്ക്ക് ഊന്നൽ നൽകുന്ന പദ്ധതികൾ കൂടാതെ സമഗ്ര ഗ്രാമീണ ആരോഗ്യ പരിപാടി, സമ്പൂർണ ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് പദ്ധതി, മാലിന്യ മുക്ത കരകുളം, ജൈവവൈവിധ്യ പരിപാലന പദ്ധതി ,സംസ്ഥാന സർക്കാറിന്റെ വിവിധ പദ്ധതികൾ തുടങ്ങി പഞ്ചായത്തിന്റെ സമ്പൂർണ വികസനത്തിനും ക്ഷേമത്തിനും ഉതകുന്ന രീതിയിൽ വിപുലമായ പദ്ധതികളാണ് കരട് രേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 23.78 കോടി രൂപയാണ് 2023-2024 വാർഷിക പദ്ധതി വിഹിതം.

ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാറാണി. യു അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് റ്റി. സുനിൽ കുമാർ, സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷന്മാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.

Share This Post
Exit mobile version