Press Club Vartha

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി റോബോട്ടിക് സര്‍ജറി സാധ്യമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി റോബോട്ടിക് സര്‍ജറി സാധ്യമാക്കുന്നു. കാന്‍സര്‍ ചികിത്സയ്ക്കാണ് ആദ്യഘട്ടത്തില്‍ റോബോട്ടിക് സര്‍ജറി സജ്ജമാക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. തിരുവനന്തപുരം ആര്‍.സി.സി.യിലും തലശേരി എം.സി.സി.യിലും റോബോട്ടിക് സര്‍ജറിക്കു വേണ്ടിയുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ കഴിഞ്ഞ വര്‍ഷമാണ് ഭരണാനുമതി നൽകിയതെന്ന് മന്ത്രി. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയവും ചികിത്സയും കൂടുതല്‍ സൂക്ഷ്മവും ഫലപ്രദവുമാക്കുന്നതിന്റെ ഭാഗമായാണ് ആര്‍.സി.സി.യിലും എം.സി.സി.യിലും റോബോട്ടിക് സര്‍ജറി സംവിധാനവും (60 കോടി), ഡിജിറ്റല്‍ പത്തോളജി മികവിന്റെ കേന്ദ്രങ്ങളും (18.87 കോടി) സജ്ജമാക്കുന്നത്.

ശസ്ത്രക്രിയാ വേളയില്‍ തന്നെ കാന്‍സര്‍ ബാധിത ഭാഗത്ത് കീമോതെറാപ്പി നല്‍കാന്‍ കഴിയുന്ന 1.32 കോടി രൂപ ചെലവഴിച്ചുള്ള ഹൈപെക് അഥവാ ഹൈപ്പര്‍ തെര്‍മിക് ഇന്‍ട്രാ പെരിറ്റോണിയല്‍ കീമോതെറാപ്പി ചികിത്സാ സംവിധാനവും ആര്‍.സി.സിയില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പേഷ്യന്റ് വെല്‍ഫയര്‍ & സര്‍വീസ് ബ്ലോക്ക് സജ്ജമാക്കിയത്. ക്ലിനിക്കല്‍ ലാബിലെ പരിശോധനകള്‍ പൂര്‍ണമായും ഓട്ടോമേറ്റഡ് ആക്കുകയും അത് തത്സമയം നിരീക്ഷിക്കുകയും ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.

Share This Post
Exit mobile version