കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാർത്ഥി സംഘര്‍ഷത്തെ തുടര്‍ന്നാണ് കോളേജ് അടച്ചത്. എസ്എഫ്‌ഐ നേതാവിനെ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിദ്യാർത്ഥി സംഘർഷം രൂക്ഷമാകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കോളേജ് പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിപ്പരിക്കേൽപിച്ച കേസില്‍ 15 പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. വിദ്യാര്‍ഥിനി അടക്കമുള്ളവര്‍ക്കെതിരെ വധശ്രമം അടക്കം ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോളേജില്‍ വലിയ രീതിയിലുള്ള സംഘര്‍ഷം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിലേക്കെത്തിച്ചത്.