തിരുവനന്തപുരം: ബികെഎംയു നേതൃത്വത്തിൽ സംസ്ഥാനത്തെ നൂറുകണക്കിന് വില്ലേജ് ഓഫിസുകളിലേക്ക് കര്‍ഷകത്തൊഴിലാളികള്‍ മാർച്ചും ധർണയും നടത്തി. കർഷകതൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശിക ഉടൻ വിതരണം ചെയ്യുക, കർഷകത്തൊഴിലാളി പെൻഷൻ ഉപാധിരഹിതമായി നൽകുക, ആനുകൂല്യങ്ങൾ വർധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രനീക്കം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
പാലക്കാട് കണ്ണാടി വില്ലേജ് ഓഫിസിന് മുന്നിൽ ബികെഎംയു ദേശീയ വെെസ് പ്രസിഡന്റ് കെ ഇ ഇസ്മയിലും കാസര്‍കോട് ചിത്താരി വില്ലേജ് ഓഫിസ് മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പിലും ഉദ്ഘാടനം ചെയ്തു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണി പുതുപ്പരിയാരത്തും കാസര്‍കോട് ജില്ലാ സെക്രട്ടറി സി പി ബാബു പരപ്പയിലും തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ നേമത്തും ബികെഎംയു ദേശീയ കൗണ്‍സില്‍ അംഗം എ കെ ചന്ദ്രന്‍ കൊരട്ടിയിലും സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ രാജു കൊല്ലം അഞ്ചലിലും ടി സിദ്ധാർത്ഥൻ കൊല്ലങ്കോടും സംസ്ഥാന സെക്രട്ടറിമാരായ ആർ അനിൽകുമാര്‍ ആലപ്പുഴ പുലിയൂരിലും ജോൺ വി ജോസഫ് കോട്ടയം കടുത്തുരുത്തിയിലും വി എസ് പ്രിന്‍സ് തൃശൂര്‍ ആമ്പല്ലൂരിലും മനോജ് ബി ഇടമന തിരുവനന്തപുരം മുദാക്കലിലും സംസ്ഥാന ട്രഷറർ സി സി മുകുന്ദൻ എംഎൽഎ അമ്മാടത്തും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ എറണാകുളം മാറാടിയിലും സമരം ഉദ്ഘാടനം ചെയ്തു.