തിരുവനന്തപുരം: തൊഴില്‍ മേഖലയിലെ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ തൊഴില്‍ അന്വേഷകര്‍ക്ക് കൃത്യവും തൃപ്തികരവുമായ കരിയര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശവും പരിശീലനവും സൗജന്യമായി നല്‍കി, അവരവരുടെ കഴിവിനും താല്‍പര്യത്തിനും അനുസരിച്ചു വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍ക്ക് പ്രവേശനം നേടാന്‍ സഹായിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്റർ കരമനയിൽ ഒരുങ്ങുന്നു. ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. തൊഴിലന്വേഷകര്‍ക്ക് പുതിയ ദിശാബോധം നല്‍കി മാറി വരുന്ന തൊഴില്‍ അവസരങ്ങള്‍ക്കനുസരിച്ച്, തൊഴില്‍ നേടുവാന്‍ പ്രാപ്തരാക്കുന്നതിന് വേണ്ടി നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് കേരളയുടെ സുപ്രധാന കാല്‍വയ്പ്പാണ് കരിയര്‍ ഡവലപ്‌മെന്റ് സെന്ററെന്ന് മന്ത്രി പറഞ്ഞു. കരിയര്‍ സംബന്ധമായ ഏതു പ്രശ്‌നത്തിനും പരിഹാരം നല്‍കുന്ന കേന്ദ്രമായിരിക്കും സെന്ററെന്നും ഈ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ സൂചന കൂടിയാണിതെന്നും മന്ത്രി അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് കരിയര്‍ ഗൈഡന്‍സിന് മാത്രമായി പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ഒരു സംവിധാനം ഉണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ശരിയായ കരിയര്‍ വിജ്ഞാനം യഥാസമയത്ത് വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും നല്‍കിയാൽ മാത്രമേ നിശ്ചിത പ്രായപരിധിക്കകം അവര്‍ക്ക് ലക്ഷ്യപ്രാപ്തി നേടാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. അന്തര്‍ദേശീയ സ്വഭാവമുളള സേവനങ്ങളാണ് കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ ലഭ്യമാകുക. സെന്ററില്‍ എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉന്നത പഠന മേഖലകളെയും അതുവഴി എത്തിച്ചേരേണ്ട തൊഴില്‍ മേഖലകളെക്കുറിച്ചും തീരുമാനം എടുക്കുന്നതിനും പുതിയ കോഴ്‌സുകളെക്കുറിച്ചും തൊഴില്‍ മേഖലകളെക്കുറിച്ചുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഠനത്തിന് ശേഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടുന്നതിനുളള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, തുടര്‍ പഠന സാധ്യതകള്‍, തൊഴിലന്വേഷകരെ അവരുടെ അഭിരുചിക്കനുസരിച്ചു ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിനാവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, വിവിധ മത്സര പരീക്ഷ പരിശീലന പരിപാടികള്‍ തുടങ്ങിയ വിവിധ സേവനങ്ങളാണ് കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററുകള്‍ വഴി നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ മികവിന്റെ കേന്ദ്രങ്ങളില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് പ്രവേശനം ലഭിക്കാന്‍ ബിരുദ പഠന കാലയളവില്‍ തന്നെ പരിശീലനം നല്‍കുന്ന ധനുസ് പദ്ധതി കരമനയിലും ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും നാല് കോടി തൊണ്ണൂറ്റി ഒന്‍പത് ലക്ഷം രൂപ ചെലവഴിച്ച് കരമന ബി.എച്ച്.എസ് സ്‌കൂള്‍ കോമ്പൗണ്ടിലാണ് സെന്റര്‍ സ്ഥാപിക്കുന്നത്. അന്തരിച്ച ലോകപ്രസിദ്ധനായ ശാസ്ത്രജ്ഞനും കരമന ബി.എച്ച്.എസ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ സ്ഥാണു പദ്മനാഭന്റെ സ്മരാണര്‍ത്ഥമാണ് സെന്റര്‍ നിലവില്‍ വരുന്നത്. കരിയര്‍ ഇന്‍ഫര്‍മേഷന്‍, വ്യക്തിഗത ഗൈഡന്‍സ്, ഗ്രൂപ്പ് ഗൈഡന്‍സ്, കരിയര്‍ കൗണ്‍സിലിംഗ്, കരിയര്‍ ഇന്ററസ്റ്റ് ടെസ്റ്റ്, ലക്ഷ്യം നിര്‍ണ്ണയിക്കല്‍, മോട്ടിവേഷന്‍ ക്ലാസ്സുകള്‍, പ്രീ-ഇന്റര്‍വ്യൂ പരിശീലനം, വ്യക്തിത്വ വികസന പരിപാടികള്‍, മത്സരപരീക്ഷാ പരിശീലനം തുടങ്ങിയ വിവിധ പരിപാടികളാണ് സെന്റര്‍ വഴി സൗജന്യമായി നല്‍കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജു ജി.എസ് അധ്യക്ഷയായ ചടങ്ങില്‍ എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ വീണ എന്‍ മാധവന്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.