Press Club Vartha

കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റർ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റർ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. നൂതന സംവിധാനങ്ങളോട് കൂടിയ പുതിയ ഡയാലിസിസ് ബ്ലോക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. 54 ഡയാലിസിസ് മെഷീനുകൾക്കൊപ്പം 54 കൗച്ചുകൾ, മൾട്ടി പാരമോണിറ്ററുകൾ, 6 നഴ്സിംഗ് സ്റ്റേഷനുകൾ, 3 ഹെൽപ്‌ഡെസ്കുകൾ, 12 സ്ക്രബ്ബ്‌ ഏരിയകൾ, 300 ഡയലൈസറുകൾ, സ്റ്റോർറൂം തുടങ്ങി നിരവധി സംവിധാനങ്ങളാണ് ഈ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നു.

കിടക്കയും ബെഡ്‌സൈഡ്‌ ലോക്കറും കാർഡിയാക്‌ ടേബിളും മോണിറ്ററും ഡയാലിസിസ്‌ മെഷീനും അടങ്ങുന്നതാണ്‌ ഒരു യൂണിറ്റ്‌. മൂന്ന്‌ റോട്ടറി ക്ലബ്ബുകളുടെയും കൊച്ചിൻ ഷിപ്‌യാർഡിന്റെയും സിഎസ്‌ആർ ഫണ്ട്‌ ഉപയോഗിച്ചാണ്‌ യൂണിറ്റുകൾ സജ്ജമാക്കിയത്‌. ലിഫ്‌റ്റും കേന്ദ്രീകൃത എസി സംവിധാനവും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സിഎസ്‌ആർ ഫണ്ട്‌ ഉപയോഗിച്ചാണ്‌ ഒരുക്കിയത്‌.

ഇന്ത്യയിലാദ്യമായി ജില്ലാ ജനറൽ ആശുപത്രി വിഭാഗത്തിൽ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയും, കിഡ്നി ട്രാൻസ്‌പ്ലാന്റേഷൻ ശസ്ത്രക്രിയയും നടത്തിയ എറണാകുളം ജനറൽ ആശുപത്രിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റും സജ്ജമായിരിക്കുന്നു. വൃക്ക രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി ഹീമോഡയാലിസിസും , പെരിട്ടോണിയൽ ഡയാലിസിസും, റീനൽ ട്രാൻസ്പ്ലാനറ്റേഷനും സാധ്യമാക്കി ഒരു സമഗ്ര നെഫ്രോളജി പാക്കേജ് ഈ ആശുപത്രിയിൽ യാഥാർഥ്യമായിരിക്കുന്നു. തുടക്കത്തിൽ 3 ഷിഫ്റ്റുകളിലായി 162 പേർക്ക് ഒരു ദിവസം ഹീമോഡയാലിസിസിനു വിധേയമാകാവുന്നതാണ്.

Share This Post
Exit mobile version