Press Club Vartha

നിയമം നടപ്പാക്കേണ്ട മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും നില്‍ക്കുന്ന ഗണ്‍മാന്‍മാര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു;വി ഡി സതീശൻ

പാലക്കാട്: കേസെടുക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും പൊലീസിന് മുന്നില്‍ ഹാജരാകാന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ഇതുവരെ തയാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും നീതിന്യായം ഉറപ്പാക്കേണ്ട മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും നിന്ന് ഈ രണ്ട് ഗണ്‍മാന്‍മാരും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു.

അവര്‍ ചെയ്ത ക്രൂരതയ്ക്കും നിയമവിരുദ്ധ നടപടികള്‍ക്കും എതിരെ നിയമപരമായ നടപടികളുമായി ഞങ്ങള്‍ പിന്നാലെയുണ്ടാകും. ഒരു കാരണവശാലും അവരെ വെറുതെ വിടില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അത്രയും ക്രൂരമായ ആക്രമണമാണ് നടത്തിയത്. നീതിന്യായ വ്യവസ്ഥിതിയെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

കൊല്ലത്ത് ആത്മഹത്യ ചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യാ കുറിപ്പിലും ശബ്ദസന്ദേശത്തിലും എങ്ങനെയാണ് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്നതെന്ന് വ്യക്തമാണ്. സത്യസന്ധമായി പ്രവര്‍ത്തിച്ച എ.പി.പിയോട് ലീവെടുത്ത് വീട്ടില്‍ ഇരിക്കാനാണ് ആവശ്യപ്പെട്ടത്. കേസുകള്‍ അട്ടിമറിക്കുന്നതിന് വേണ്ടിയാണിത്. ഞങ്ങളുടെ പാര്‍ട്ടിയാണ് സംസ്ഥാന ഭരിക്കുന്നതെന്നാണ് ഭീഷണി. തുടര്‍ ഭരണം സി.പി.എമ്മിനെ എത്രത്തോളം ദുഷിപ്പിച്ചു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നീതിന്യായം നടപ്പാക്കുന്നതിന് ശ്രമിച്ച ഒരു വനിത എ.പി.പിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത്. ഞങ്ങളുടെ പാര്‍ട്ടിക്കാര്‍ ഭരിക്കുമ്പോള്‍ നീതിക്കും ന്യായത്തിനും ഒരു വിലയും ഇല്ലെന്ന പ്രഖ്യാപനം കേരളത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് മാസമായി സമൂഹിക സുരക്ഷാ പെന്‍ഷന്‍ കിട്ടാതെ കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്തത് ദയനീയമായ കാഴ്ചയാണ്. അടിമാലിയിലെ മറിയ ചേട്ടത്തി പിച്ചച്ചട്ടിയുമായി റോഡില്‍ ഇറങ്ങിയപ്പോള്‍ അവരെ പരിഹസിച്ചു സി.പി.എം സൈബര്‍ സംഘങ്ങള്‍ ആക്രമിക്കുകയും ചെയ്തു. ഇപ്പോള്‍ ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരനെയും അവര്‍ ആക്രമിക്കാന്‍ ശ്രമിക്കുകയാണ്. ലക്ഷക്കണക്കിന് പേരാണ് പെന്‍ഷനും ആനുകൂല്യങ്ങളും മുടങ്ങി മരുന്ന് വാങ്ങാനും ജീവിക്കാനും നിവൃത്തി ഇല്ലാതെ കഷ്ടപ്പെടുന്നത്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നത് ദുരന്തം മാത്രമാണ്. അധികാരത്തിന്റെ ധാര്‍ഷ്ട്യവും കെടുകാര്യസ്ഥതയുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് കോണ്‍ഗ്രസുകാരന്‍ ആത്മഹത്യ ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയാത്തത് നമ്മുടെ ഭാഗ്യം.

പ്രതിപക്ഷം ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നുവെന്നാണ് ധനകാര്യമന്ത്രി പറഞ്ഞത്. ധനകാര്യ മന്ത്രി ഉള്‍പ്പെടെയുള്ള ഭരണകൂടമാണ് കേരളത്തെ തകര്‍ത്തത്. എല്ലാ വികസനപ്രവര്‍ത്തനങ്ങളും സാമൂഹിക ക്ഷേമ പദ്ധതികളും നിലച്ച് അപകടകരമായ സ്ഥിതിയിലേക്കാണ് കേരളം പോകുന്നത്. നാല് നെല്‍ കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. എല്ലാ കാര്‍ഷിക മേഖലകളും കടുത്ത പ്രതിസന്ധിയിലാണ്. വനാതിര്‍ത്തികളില്‍ വന്യമൃഗങ്ങളുമായി ഏറ്റുമുട്ടുന്ന കൃഷിക്കാരെ സംരക്ഷിക്കാനോ ചേര്‍ത്ത് പിടിക്കാനോ സര്‍ക്കാരില്ല. സര്‍ക്കാരിന്റെ സാന്നിധ്യം ഒരു മേഖലകളിലുമില്ല. സദ്ഭരണത്തിന് പകരം ദുര്‍ഭരണമാണ് നടക്കുന്നത്. ദുര്‍ഭരണമാണ് സംസ്ഥാനത്ത് ആത്മഹത്യകള്‍ ഉണ്ടാക്കുന്നത്. അധികാരം മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയും സ്വന്തം അണികള്‍ക്ക് വേണ്ടി എന്ത് വൃത്തികേടുകള്‍ കാട്ടാനും കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍.

വിചാരണ സദസില്‍ സര്‍ക്കാരിനെതിരായ കുറ്റപത്രം ജനങ്ങള്‍ക്ക് മുന്നില്‍ യു.ഡി.എഫ് സമര്‍പ്പിച്ചിട്ടുണ്ട്. നിയമസഭയിലും സര്‍ക്കാരിന്റെ നടപടികള്‍ തലനാരിഴ കീറി പരിശോധിച്ച് അവരുടെ പൊയ്മുഖം തുറന്നു കാട്ടും. ഈ സര്‍ക്കാര്‍ സംസ്ഥാനത്തെ എവിടെ എത്തിച്ചിരിക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നിയമസഭയില്‍ ലഭിക്കുന്ന അവസരങ്ങളെല്ലാം പ്രതിപക്ഷം പ്രയോജനപ്പെടുത്തും.

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രി അറിയാതെ ഒന്നും ചെയ്തിട്ടില്ലെന്നാണ് ശൈലജ ടീച്ചര്‍ പറഞ്ഞത്. അതുപോലെയാണ് മാസാല ബോണ്ടില്‍ മുഖ്യമന്ത്രി ചെയര്‍മാനായ കിഫ്ബിക്കാണ് ഉത്തരവാദിത്തമെന്ന് തോമസ് ഐസക്കും പറഞ്ഞത്. ലണ്ടനില്‍ മണി അടിക്കാന്‍ പോയതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് പുറത്തു വരട്ടെയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Share This Post
Exit mobile version