Press Club Vartha

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ സർക്കാർ വനിത കോളെജിലെ എൻ.സി.സി കേഡറ്റുകളും

തിരുവനന്തപുരം: 2024 ജനുവരി 26 ന് ഡൽഹിയിൽ വെച്ചു നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ സർക്കാർ വനിത കോളെജിലെ എൻ.സി.സി കേഡറ്റുകളായ സീനിയർ അണ്ടർ ഓഫീസർ ഇഷ വിജിൽ, അണ്ടർ ഓഫീസർ അനുപമ അനിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വൺ കേരള ബെറ്റാലിയൻ എൻ.സി.സി ക്കു കീഴിലുള്ള സർക്കാർ വനിത കോളെജ് സബ് യൂണിറ്റിലെ കേഡറ്റുകളായ ഇഷയും അനുപമയും വിവിധ ക്യാമ്പുകളിൽ മികവു തെളിയിച്ചാണ് ആർ.ഡി ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

പാങ്ങോട് മിലിറ്ററി ക്യാമ്പിൽ വച്ച് നടന്ന പ്രത്യേക പരിശീലനത്തിനു ശേഷം രണ്ടാഴ്ചയ്ക്ക് മുൻപാണ് ഇവർ ഡൽഹിയിൽ എത്തിയത്. കോളെജ് പ്രിൻസിപ്പൽ ഡോ. അനുരാധ വി.കെ, കമാൻഡിംങ് ഓഫീസർ കേണൽ വിനീത് മേധ,അസോസിയേറ്റ് എൻ.സി.സി ഓഫീസർ ലെഫ്റ്റനൻ്റ് ഡോ. ഷബാന ഹബീബ് എന്നിവർ ഇവരെ അഭിനന്ദിച്ചു .

കഴിഞ്ഞ വർഷവും സർക്കാർ വനിത കോളെജിലെ മൂന്നു കേഡറ്റുകൾ ആർ.ഡി. ക്യാമ്പിൽ പങ്കെടുത്തിരുന്നു. ഇഷയും അനുപമയും ഹിന്ദി വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിനികളാണെങ്കിൽ അസോസിയേറ്റ് എൻ.സി.സി ഓഫീസർ ഷബാന ഹബീബും ഹിന്ദി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ആണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.

ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ ശേഷം രാജ്ഭവനിൽ നടക്കുന്ന ഗവർണർ പങ്കെടുക്കുന്ന പരിപാടിയിലും ഇവർക്ക് പങ്കെടുക്കാനാകും.

Share This Post
Exit mobile version