ചിറയിൻകീഴ് : മഹാത്മാഗാന്ധിയുടെ 76-ാം രക്തസാക്ഷിത്വ ദിനത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സ്നേഹസ്പർശം’ പരിപാടിയുടെ ഭാഗമായുള്ള ‘പൊതിച്ചോറ് വിതരണം’ ഉദ്ഘാടനം ചെയ്തു.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് നൽകി ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ് ഉദ്ഘാടനം നിർവഹിച്ചു. സഹജീവികളോടുള്ള സ്നേഹമായിരുന്നു മഹാത്മാഗാന്ധിയുടെ കൈമുതലെന്നും അവസാന നാൾ വരെയും സ്നേഹമായിരുന്നു ഗാന്ധിജിയുടെ ആയുധമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ഈ ദിവസം തന്നെ ഇതിനായി തെരഞ്ഞെടുത്തത്. സമൂഹത്തിന് ഇതിലും വലിയൊരു സന്ദേശം ഇന്ന് നൽകാനില്ല. മഹാത്മാഗാന്ധി എന്നെന്നും ജനമനസ്സുകളിൽ ജീവിക്കുന്നുവെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡണ്ട് മഹിൻ.എം.കുമാർ അധ്യക്ഷനായി. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ വിപുലമായ അനുസ്മരണ പരിപാടിയുടെ ഭാഗമായാണ് ‘സ്നേഹസ്പർശം’ ഉദ്ഘാടനം ചെയ്തത്. സ്നേഹസ്പർശത്തിന്റെ ഭാഗമായി വിവിധ ജീവകാരുണ്യ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ദിവസേനെ നിരവധി രോഗികളാണ് എത്തുന്നത്. തിരക്ക് കാരണം പച്ച വെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥയാണ് പലർക്കും. ഇത്തരത്തിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സമാശ്വാസമാവും ഈ പദ്ധതിയെന്ന് സംഘാടകർ പറഞ്ഞു.
വിദ്യാർത്ഥികൾക്കുള്ള പഠനസഹായം, കിടപ്പുരോഗികൾക്കുള്ള സഹായങ്ങൾ തുടങ്ങി നിരവധി പദ്ധതികൾ ‘സ്നേഹസ്പർശം’ പദ്ധതിക്ക് കീഴിൽ നടത്തുമെന്ന് ജനറൽ സെക്രട്ടറി സഹീർ സഫർ പറഞ്ഞു.