Press Club Vartha

മതസൗഹാര്‍ദ സംഗമം: വിപുലമായ മുന്നൊരുക്കങ്ങള്‍

തിരുവനന്തപുരം: ശ്രീ നാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ നടത്തിയ സര്‍വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് ശ്രീ നാരായണ അന്താരാഷ്ട്ര പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ സംഗമത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ഫെബ്രുവരി 17ന് ചെമ്പഴന്തി ഗുരുകുലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. മതങ്ങള്‍ തമ്മിലുള്ള വൈരം വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ കൂടുതലായി പൊതു സമൂഹത്തിൽ എത്തിച്ചു കൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന ബോധ്യത്തില്‍ നിന്നാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നടക്കുന്ന പരിപാടിയില്‍ സമൂഹത്തിന്റെ നാനാ വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മതസൗഹാര്‍ദ സംഗമത്തിന്റെ വിജയത്തിനായി വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗം, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കും. പരിപാടിയുടെ സന്ദേശം എല്ലാവരിലുമെത്തിക്കുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രചാരണ ജാഥ നടത്തും. ഐ ആന്‍ഡ് പി.ആര്‍.ഡി തയ്യാറാക്കുന്ന പ്രചാരണ വീഡിയോ സര്‍ക്കാരിന്റെ വിവിധ സോഷ്യല്‍ മീഡിയ പേജുകളിലും കെ.എസ്.ഫ്.ഡി.സിയുടെ തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കാനും തീരുമാനമായി. നിയമസഭയുടെ ബാങ്ക്വറ്റ് ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എന്‍.മായ, ശ്രീ നാരായണ അന്താരാഷ്ട്ര പഠന കേന്ദ്രം ഡയറക്ടര്‍ പ്രൊ. ശിശുപാലന്‍, സാമുദായിക രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സിലാല്‍ തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു.

Share This Post
Exit mobile version