തിരുവനന്തപുരം: രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധത്തിനായി കേരളം രാജ്യതലസ്ഥാനത്തേയ്ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറൽ മൂല്യങ്ങൾ ഇല്ലായ്മ ചെയ്യാനും സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തിൻ്റെ വികസനത്തിനു തടയിടാനും ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ഫെബ്രുവരി 8-നു രാവിലെ 11 മണിയ്ക്ക് ഡൽഹിയിൽ ജന്തർ മന്തറിൽ സംസ്ഥാനത്തെ മന്ത്രിമാരും എംഎൽഎമാരും എംപിമാരും ഉൾപ്പെടെ പങ്കെടുക്കുന്ന സമരം നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു സവിശേഷ സാഹചര്യത്തിലാണ് ഇതുപോലെയൊരു പ്രതിഷേധം സംഘടിക്കപ്പെടുന്നത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് വിരുദ്ധമായി കേരളത്തിന്റെ വായ്പാപരിധി 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. വരുമാനത്തിന്റെ ഒരു നിശ്ചിത വിഹിതം മൂലധന ചിലവിനായി കിഫ്ബി മുഖാന്തിരം മാറ്റിവയ്ക്കാനും സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ കുടിശ്ശിക കൂടാതെ നല്‍കാന്‍ കെഎസ്എസ്പിഎല്‍ കമ്പനി വഴി ധനസമാഹരണം നടത്തുവാനും സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സദുദ്ദേശപരമായ ശ്രമങ്ങളെ മറയാക്കിയാണ് ഇത്തരമൊരു നീക്കം നടന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയുടെ അനുച്ഛേദം 281 പ്രകാരം പാര്‍ലമെന്‍റിന്റെ ഇരുസഭകളെയും അറിയിച്ച വ്യവസ്ഥകള്‍ മറികടകടന്നുകൊണ്ടാണ് ഈ നടപടികൾ ഉണ്ടായിരിക്കുന്നത്. അതുപോലെ മതനിരപേക്ഷത, ജനാധിപത്യം, നമ്മുടെ സംസ്കാരത്തില്‍ അന്തര്‍ലീനമായ ബഹുസ്വരത എന്നിവയെല്ലാം കനത്ത വെല്ലുവിളി നേരിടുകയാണ്. ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ നാം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ അടിവേരറുക്കുന്ന നയപരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. നമ്മുടെ മഹത്തായ ഭരണഘടനയുടെ അന്തഃസത്ത ഏതെല്ലാം വിധത്തില്‍ ചോര്‍ത്താമോ, അതെല്ലാം തകൃതിയായി നടക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.