Press Club Vartha

കേരള സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട്

കൊച്ചി: കേരള സാഹിത്യ അക്കാദമിക്കെതിരെ വിമർശനവുമായി എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. സാഹിത്യേത്സവത്തിൽ നൽകിയ പ്രതിഫലത്തെ ചൊല്ലിയാണ് വിമർശനവുമായി ചുള്ളിക്കാട് രംഗത്തെത്തിയത്.

സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയ തനിക്ക് നൽകിയത് വെറും 2400 രൂപയാണെന്നാണ് അദ്ദേഹം പറയുന്നത്. സാഹിത്യ അക്കാദമിവഴി തനിക്കു കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നും നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ തന്നെ ബുദ്ധിമുട്ടിക്കരുതെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നു.

ജനുവരി 30 ന് രാവിലെ കുമാരനാശാന്‍റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാനായിരുന്നു അദ്ദേഹത്തെ ക്ഷണിച്ചിരുന്നത്. ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു. എന്നാൽ എറണാകുളത്തുനിന്ന് തൃശൂർവരെ വന്ന യാത്രച്ചിലവ് മൂവായിരത്തി അഞ്ഞൂറു രൂപ ആയെന്നും അദ്ദേഹം പറയുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്.

കുറിപ്പിന്റെ പൂർണ്ണ രൂപം;

എന്‍റെവില.

ബാലചന്ദ്രൻചുള്ളിക്കാട്

കേരളജനത എനിക്കു നൽകുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്.(30-01-2024). കേരളജനതയുടെ സാഹിത്യ അക്കാദമിയിൽ അന്താരാഷ്ട്ര സാഹിത്യോൽസവം. ജനുവരി 30 ന് രാവിലെ കുമാരനാശാന്‍റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു.

ഞാൻ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു. അൻപതു വർഷം ആശാൻകവിത പഠിക്കാൻ ശ്രമിച്ചതിന്‍റെ ഫലമായി എന്‍റെ പരിമിതമായ ബുദ്ധിയാൽ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്.

പ്രതിഫലമായി എനിക്കു നൽകിയത് രണ്ടായിരത്തിനാനൂറു രൂപയാണ്. (2400/-)

എറണാകുളത്തുനിന്ന് തൃശൂർവരെ വാസ് ട്രാവൽസിന്‍റെ ടാക്സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്രവൈറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത് മൂവായിരത്തി അഞ്ഞൂറു രൂപ(3500/-).

3500 രൂപയിൽ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാൻ നൽകിയത് സീരിയലിൽ അഭിനയിച്ചു ഞാൻ നേടിയ പണത്തിൽനിന്നാണ്.

പ്രബുദ്ധരായ മലയാളികളേ,

നിങ്ങളുടെ സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല.

മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്‍റെ ആയുസ്സിൽനിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്.

Share This Post
Exit mobile version