കണിയാപുരം : അജ്മീർ ആണ്ടുനേർച്ച ഈ മാസം ഒമ്പത് മുതൽ 11 വരെ കണിയാപുരം ഖാദിസിയ്യയിൽ നടക്കും. ആയിരങ്ങളാണ് ഈ ആണ്ടു നേർച്ചയിൽ സംബന്ധിക്കാനായി എത്തുന്നത്. ഒമ്പതിന് വൈകുന്നേരം നാല് മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. വൈകുന്നേരം പതാക പ്രയാണത്തിന് സയ്യിദ് മുഹമ്മദ് നസഫി ജീലാനി ലക്ഷദ്വീപ് നേതൃത്വം നൽകും.
പെരുമാതുറ വലിയപള്ളി മഖാമിൽ നിന്ന് തുടങ്ങുന്ന പതാക പ്രയാണം മുണ്ടൻചിറ, ചാന്നാങ്കര മഖാമുകൾ സിയാറത്ത് ചെയ്തു നഗരിയിൽ എത്തിച്ചേരും. ആറുമണിക്ക് സയ്യിദ് ഷാഹുൽഹമീദ് അൽ ബുഖാരി പതാക ഉയർത്തും.
ശേഷം നടക്കുന്ന അജ്മീർ മൗലിദിന് സയ്യിദ് സൈനുദ്ദീൻ ബാ അലവി പരപ്പനങ്ങാടി നേതൃത്വം നൽകും. സയ്യിദ് ഇമാമുദ്ദീൻ ബാഫഖി, അബ്ദുല്ലത്വീഫ് ബാഖവി, ഹാഫിസ് ഷറഫുദ്ദീൻ ബാഖവി, സലാഹുദ്ദീൻ ബാഖവി, ഹാഷിം നൂജൂമി, ഷംസുദ്ദീൻ മുസ്‌ലിയാർ കഴക്കൂട്ടം, ഹാഫിസ് ഹുസൈൻ മുസ്‌ലിയാർ ചുള്ളിമാനൂർ, അനസ് മലപ്പുറം എന്നിവർ പങ്കെടുക്കും.
ഫെബ്രുവരി പത്തിനാണ് ഉദ്ഘാടന സമ്മേളനം നടക്കുന്നത്. വൈകുന്നേരം 6.45ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു കണിയാപുരം ഖാദിസിയ്യ പ്രസിഡന്റ് അബ്ദുസ്സലാം ഹാജി അധ്യക്ഷത വഹിക്കും. സയ്യിദ് മുസ്തഫ കോയ തങ്ങൾ അണ്ടൂർക്കോണം ഉദ്ഘാടനം ചെയ്യും. ഷാജഹാൻ പള്ളിപ്പുറം സ്വാഗതം പറയും. അഞ്ചൽ സ്വാലിഹാൻ ജൗഹരി മുഖ്യ പ്രഭാഷണം നടത്തും. അശ്റഫ് ഹാജി സംസം നന്ദി പറയും. സിദ്ദീഖ് ഹാജി ഇലങ്കത്തിൽ, ശിഹാബുദ്ദീൻ മേടവാതുക്കൽ സംബന്ധിക്കും. തുടർന്ന് മഖ്ദൂമിയ്യ ബുർദ ഇഖ് വാൻ നയിക്കുന്ന ബുർദയും ഖവാലിയും നടക്കും.
സമാപന ദിവസമായ 11ന് വൈകുന്നേരം 6.45ന് നടക്കുന്ന ചാരിറ്റി സമ്മേളനത്തിൽ സയ്യിദ് ഉബൈദ് കോയ ബാഫഖി പ്രാർഥന നിർവഹിക്കും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എം പി റിലീഫ് വിതരണം നടത്തും. അഡ്വ. കെ എച്ച് എം മുനീർ സ്വാഗതവും വി ശശി എം എൽ എ അധ്യക്ഷതയും വഹിക്കും. കൊല്ലം ഖാദിസിയ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി മുഖ്യപ്രഭാഷണം നടത്തും.
ശേഷം രാത്രി എട്ടുമണി മുതൽ ആത്മീയ സമ്മേളനം നടക്കും. സിറാജുൽ ഉലമ ഹൈദ്രോസ് മുസ്ലിയാർ, സയ്യിദ് പി എം എസ് എ ആറ്റക്കോയ മണ്ണാർക്കാട് എന്നിവർ നേതൃത്വം നൽകും. എം യു അബ്ദുസ്സലാം മുസ്ലിയാർ തോന്നയ്ക്കൽ, ഹാഫിസ് അർഷദ് ഖാസിമി, നൗഷാദ് ബാഖവി, അഷ്റഫ് ബാഖവി, അഹമ്മദ് ബാഖവി, ഹാഷിം സഖാഫി, സഫറുല്ല ഹാജി പെരുമാതുറ എന്നിവർ പങ്കെടുക്കും.