Press Club Vartha

ഇ- മുറ്റം ഡിജിറ്റൽ ലിറ്ററസി പ്രോഗ്രാം ; പഠിതാക്കളുടെ സംഗമവും സർട്ടിഫിക്കറ്റ് വിതരണവും

തിരുവനന്തപുരം: സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ മലയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഇ- മുറ്റം ഡിജിറ്റൽ ലിറ്ററസി പ്രോഗ്രാമിലെ പഠിതാക്കളുടെ സംഗമവും ഇൻസ്ട്രക്ടർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നാളെ (09.02.2024) നടക്കും. രാവിലെ 10.30ന് മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് ഓഫീസ് ഹാളിൽ നടക്കുന്ന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി അദ്ധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം മുഖ്യപ്രഭാഷണം നടത്തും.

സ്മാർട്ട് ഫോൺ സ്മാർട്ടായി ഉപയോഗിക്കാൻ പഠിപ്പിക്കുന്ന പദ്ധതിയിലൂടെ മലയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ 650 പേരാണ് ഡിജിറ്റൽ ലിറ്ററസി നേടിയത്. എല്ലാ വാർഡുകളിലും കുടുംബശ്രീയുടെ നേതൃത്വത്തിലും മറ്റ് സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിലുമാണ് ക്ലാസുകൾ നടന്നത്. അൻപത് ഇൻസ്ട്രക്ടർമാരെയാണ് ക്ലാസുകൾക്കായി നിയോഗിച്ചത്.സ്മാർട്ട് ഫോൺ ഉപയോഗ സാധ്യതകൾ, ഇന്റർനെറ്റ്, ഓൺലൈൻ പണമിടപാടുകൾ, സോഷ്യൽ മീഡിയ, ഇ മെയിലും സർക്കാർ സേവനങ്ങളും എന്നിങ്ങനെ അഞ്ച് പാഠഭാഗങ്ങളാണ് ഉണ്ടായിരുന്നത്.

ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ വി. ആർ സലൂജ, എം.ജലീൽ, എസ്.സുനിത, വിളപ്പിൽ രാധാകൃഷ്ണൻ, കൈറ്റ് ജില്ലാ കോർഡിനേറ്റർ എസ്.എസ് മോഹൻകുമാർ, ജനപ്രതിനിധികൾ തുടങ്ങിയവരും സംഗമത്തിൽ പങ്കെടുക്കും.

Share This Post
Exit mobile version