Press Club Vartha

മുഖാമുഖം: 60 വിദ്യാർത്ഥികൾ മുഖ്യമന്ത്രിയോട് നേരിൽ സംവദിക്കും

തിരുവനന്തപുരം: നവകേരള സദസിന്റെ തുടര്‍ച്ചയായി വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 18ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടത്തുന്ന മുഖാമുഖത്തിൽ തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുമായി നേരിൽ സംവദിക്കും.

പരിപാടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍, മെഡിക്കല്‍ കോളേജുകള്‍, പ്രൊഫഷനല്‍ കോളേജുകള്‍, കേരള കലാമണ്ഡലം ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള 2000 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ജി എസ് പ്രദീപ്‌ ആണ് പരിപാടിയുടെ അവതാരകൻ.

ഞായറാഴ്ച രാവിലെ 9.30 ന് മുഖ്യമന്ത്രിയുടെ ആമുഖ പ്രഭാഷണത്തോടെ പരിപാടി തുടങ്ങും. തുടർന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലെ 10 വിദഗ്ദർ അഭിപ്രായങ്ങൾ പങ്കുവെക്കും. ഇതിനുശേഷമാണ് 60 വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുമായി നേരിൽ സംവദിക്കുക. വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾക്കും ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകും.

മുഖാമുഖത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്ന അവലോകനയോഗത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു, മന്ത്രി പി എ മുഹമ്മദ്‌ റിയാസ്, ജില്ലയിൽ നിന്നുള്ള എം.എൽ.എമാർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

രാവിലെ 9.30 മുതല്‍ ഉച്ച ഒരു മണി വരെ നടക്കുന്ന മുഖാമുഖത്തില്‍ നവകേരള സൃഷ്ടിക്കായുള്ള വിദ്യാര്‍ഥികളുടെ ആശയങ്ങള്‍, ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍, പുതിയ മുന്നേറ്റങ്ങള്‍, വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും.

Share This Post
Exit mobile version