Press Club Vartha

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള സമാപിച്ചു

തിരുവനന്തപുരം: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആദ്യ എഡിഷന്‍ സമാപിച്ചു. സമാപന ദിവസമായ ഇന്നലെയും വിദ്യാര്‍ഥികളടക്കമുള്ള സന്ദര്‍ശകരുടെ തിരക്കായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയിലെത്തി. ഫെസ്റ്റിവലിലെ ക്യൂറേറ്റഡ് സയന്‍സ് എക്‌സിബിഷന്റെ ഭാഗമായ എച്ച്എംഎസ് ബിഗിള്‍ കപ്പലിന്റെ മാതൃകയും ദിനോസറിന്റെ അസ്ഥികൂട മാതൃകയും മ്യൂസിയം ഓഫ് ദ മൂണും, മാര്‍സും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

മനുഷ്യന്റെ ഭൂതകാലത്തിലേക്കുള്ള ടൈം ട്രാവലും അദ്ദേഹം നടന്നു കണ്ടു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ എം.സി.ദത്തനും ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഒഫിഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.പി. സുധീറും ജിഎസ്എഫ്‌കെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ അജിത്കുമാറും ക്യൂറേറ്റര്‍ വൈശാഖന്‍ തമ്പിയും മുഖ്യമന്ത്രിയെ അനുഗമിച്ചു.

തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് അടക്കമുള്ള പ്രമുഖര്‍ അവസാന ദിവസം ഫെസ്റ്റിവല്‍ കാണാനെത്തിയിരുന്നു.

Share This Post
Exit mobile version