തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് റിപ്പോർട്ട്. ഇന്നും നാളെയും സംസ്ഥാനത്തെ നാല് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് താപ നില ക്രമാതീതമായി ഉയരാൻ സാധ്യത. ഈ ജില്ലകൾക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്നും നാളെയും കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം ജില്ലയിൽ 37°C വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 3 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വിവിധ വകുപ്പുകൾ ജാഗ്രത മുന്നറിയിപ്പ് പുറത്തിറക്കി. വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍, ഭക്ഷ്യവിഷബാധ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. വഴിയോര കച്ചവടക്കാര്‍ മുതല്‍ എല്ലാ കടകളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം.
മാത്രമല്ല നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ വെള്ളം കരുതുന്നത് നല്ലത്. കടകള്‍, പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.