Press Club Vartha

ടി പി കേസിലെ പ്രതികൾക്ക് തിരിച്ചടി; വിധിയെ സ്വാ​ഗതം ചെയ്ത് കെകെ രമ

കൊച്ചി: ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീൽ കോടതി തള്ളുകയായിരുന്നു. കുഞ്ഞനന്തനെ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. മാത്രമല്ല കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട കോടതി വിധി ഹൈക്കോടതി റദ്ദാക്കി.

ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. 2012 മേയ് 4നാണ് ആർഎംപി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്.

അതേസമയം ഹൈക്കോടതി വിധി ഏറ്റവും നല്ല വിധിയെന്നും തങ്ങൾ പറഞ്ഞ കാര്യങ്ങൾ കോടതി ശരിവച്ചുവെന്നും കെ കെ രമ പറഞ്ഞു. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ച് വെട്ടിക്കൊന്നതെന്നും തങ്ങൾ നേരത്തെ പറഞ്ഞ കാര്യങ്ങൾ ഹൈക്കോടതി ശരിവച്ചിരിക്കുകയാണെന്നും രണ്ടു പ്രതികളെ കൂടി ശിക്ഷിക്കാൻ തീരുമാനിച്ചത് ആശ്വാസകരമാണെന്നും കെ കെ രമ വ്യക്തമാക്കി. മാത്രമല്ല കേസിൽ വെറുതെ വിട്ട പി മോഹനനെതിരെ വീണ്ടും അപ്പീൽ നൽകുമെന്നും രമ കൂട്ടിച്ചേർത്തു.

Share This Post
Exit mobile version