തിരുവനന്തപുരം: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലക്ഷകണക്കിന് ഭക്തര്‍ ഇന്ന് ആറ്റുകാലമ്മയുടെ തിരു സന്നിധിയില്‍ പൊങ്കാലയര്‍പ്പിച്ച് സായൂജ്യരാകും. ലക്ഷക്കണക്കിനു വനിതകളാണ് പൊങ്കാല അര്‍പ്പിക്കാന്‍ തലസ്ഥാനത്ത് എത്തിയത്. ഇതോടെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയുടെയും തലസ്ഥാനമായി തിരുവനന്തപുരം മാറിയിരിക്കുകയാണ്. ഭക്തജനതിരക്കില്‍ ക്ഷേത്രവും പരിസരവും രാത്രി തന്നെ നിറഞ്ഞു കവിഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ ഇത്തവണ പൊങ്കാലയിടാന്‍ നഗരത്തിലെത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍.
പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക. രണ്ടരയ്ക്കാണ് നിവേദ്യം. പണ്ടാര അടുപ്പില്‍ ഒരുക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുക. ഈ സമയം തന്നെ ഭക്തര്‍ തയാറാക്കിയ നിവേദ്യങ്ങളിലും തീര്‍ഥം പകരും. പൊങ്കാലനിവേദ്യത്തിനു മുന്‍പ് ഇക്കുറിയും ആകാശത്തുനിന്ന് പുഷ്പവൃഷ്ടിയുണ്ടാകും.
പ്രദേശത്തെ വിവിധ റസിഡന്റ്സ് അസോസിയേഷന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പൊങ്കാല ഭക്തരെ സഹായിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. നഗരപരിധിയിലുള്ള വിവിധ ക്ഷേത്ര ഭരണസമിതികളുടെ നേതൃത്വത്തിലും അതത് പ്രദേശത്ത് പൊങ്കാലയിടാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പൊങ്കാലയര്‍പ്പിക്കാനെത്തുന്നവര്‍ക്ക് കുടിവെള്ളവും ഉച്ചഭക്ഷണവും വിവിധ സന്നദ്ധസംഘടനകളും ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും ആരാധനാലയങ്ങളും ഒരുക്കിയിട്ടുണ്ട്.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി 4 ഹീറ്റ് ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജനറല്‍ ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം, ചാല അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങിലാണ് ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചത്. സൂര്യാതപം പോലുള്ള പ്രശ്‌നങ്ങള്‍ ബാധിക്കുന്നവരെ പരിചരിക്കുന്നതിനായി കൂളര്‍, ഫാന്‍, കമ്പിളി, ഐസ് പായ്ക്ക്, ഐവി ഫ്‌ളൂയിഡ്, ഒആര്‍എസ്, ക്രീമുകള്‍ എന്നിവ ഈ ക്ലിനിക്കുകളില്‍ സജ്ജമാക്കി. ഉയര്‍ന്ന ചൂട് കൊണ്ടുള്ള എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ ഈ ക്ലിനിക്കുകളുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.