കോട്ടയം: സമൂഹത്തിൽ ഗാർഹിക പ്രശ്‌നങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ബന്ധങ്ങൾ ഊഷ്മളമായി മുന്നോട്ടു കൊണ്ടുപോകുന്നതിനെക്കുറിച്ച് കുട്ടികൾക്ക് സ്‌കൂളുകളിൽനിന്ന് അവബോധം നൽകണമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി.സതീദേവി. കുടുംബങ്ങളിൽ ആരോഗ്യകരമായ രീതിയിൽ ബന്ധങ്ങൾ കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയാണെന്നുള്ള ധാരണ കുഞ്ഞുനാളിൽ തന്നെ കുട്ടികൾക്ക് പഠനത്തിന്റെ ഭാഗമായി നൽകണം. ചങ്ങനാശേരി നഗരസഭ ഹാളിൽ നടന്ന വനിത കമ്മിഷൻ അദാലത്തിൽ കേസുകൾ പരിഗണിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
വനിത കമ്മിഷന്റെ നേതൃത്വത്തിൽ വിവാഹത്തിന് മുൻപും ശേഷവും കൗൺസിലിംഗുകൾ എല്ലാ ജില്ലയിലും നടത്തി വരുന്നുണ്ട്. ബന്ധങ്ങൾ ഊഷ്മളമാക്കേണ്ടത് അധുനിക കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അവർ കൂട്ടിച്ചേർത്തു.
വിവാഹ വാഗ്ദാനം നൽകി പെൺകുട്ടികളെ വഞ്ചിക്കുന്ന കേസുകൾ കമ്മിഷന്റെ മുൻപാകെ നിരവധിയാണ് റിപ്പോർട്ട് ചെയ്യുന്നത്. തനിക്ക് ചുറ്റും ഒട്ടേറെ ചതിക്കുഴികളുണ്ടെന്ന് പെൺകുട്ടികൾ തിരിച്ചറിയണം. ആർജ്ജവമുള്ള മനസ്സിന്റെ ഉടമകളായിട്ട് പെൺകുട്ടികൾ മാറണമെന്നും വനിത കമ്മീഷൻ പറഞ്ഞു.
സിറ്റിംഗിൽ 67 പരാതികൾ പരിഗണിച്ചു. ഏഴെണ്ണം പരിഹരിച്ചു. ഒരു പരാതിയിൽ ജാഗ്രത സമിതിയിൽനിന്നു റിപ്പോർട്ട് തേടി. ഒരു പരാതി കൗൺസിലിംഗിനും വിട്ടു. 56 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും . വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഭിഭാഷകരായ അഡ്വ. ഷൈനി ഗോപി, അഡ്വ. സി.കെ. സുരേന്ദ്രൻ, അഡ്വ. സി.എ. ജോസ് തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.