തിരുവനന്തപുരം: ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘത്തിൽ മലയാളികളുമുണ്ട്. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനാണ് സംഘത്തെ നയിക്കുന്നത്.
പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, വിങ് കമാന്‍ഡര്‍ ശുഭാൻശു ശുക്ല എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായി പരിശീലനത്തിലുള്ളവര്‍. വ്യോമസേനയുടെ ഫൈറ്റർ പൈലറ്റുമാരിൽ നിന്നാണ് നാലു പേരെയും തെരഞ്ഞെടുത്തിരിക്കുന്നത്. തുമ്പ വിഎസ്എസ്‍യിൽ നടന്ന ചടങ്ങില്‍ ഇവര്‍ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. നാല് പേർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു.
നാലുപേരില്‍ മൂന്നുപേരായിരിക്കും ബഹിരാകാശത്തേക്ക് പോവുക. നാല് പേരും ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാരാണ്. 2025ലാണ് ഗഗൻയാൻ ദൗത്യം നടപ്പിലാക്കുക. ബഹിരാകാശ സഞ്ചാരികളെ മൂന്ന് ദിവസത്തേക്ക് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച് ഭൂമിയിൽ തിരിച്ചെത്തിക്കുക എന്നതാണ് ദൗത്യം.