Press Club Vartha

സിദ്ധാർത്ഥിന്റെ മരണം ; എസ്.ഐ.ടി രൂപീകരിക്കാൻ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി)  രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തിട്ടുള്ളത്. ഇതില്‍ 6 പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

അതേസമയം സിദ്ധാർഥിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. സിദ്ധാർഥ് ക്രൂര മർദനത്തിന് ഇരയായെന്നാണ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാക്കുന്നത്. ശരീരത്തിൽ മൂന്നുനാൾ വരെ പഴക്കമുള്ള പരിക്കുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി അച്ഛൻ ജയപ്രകാശ് രംഗത്തെത്തി. പ്രധാന പ്രതികളെ പാർട്ടി സംരക്ഷിക്കുകയാണെന്ന് സിദ്ധാര്‍ത്ഥിന്‍റെ അച്ഛൻ ജയപ്രകാശ് ആരോപിച്ചു.

Share This Post
Exit mobile version