Press Club Vartha

സുഹൃത്തു പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കഴക്കൂട്ടം: വീട്ടിൽ നിന്നും വിളിച്ചിറക്കി സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു.ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്.

ചേങ്കോട്ടുകോണം മേലെ കുണ്ടയത്തു സോമസൗധത്തിൽ ജി . സരിത (46) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചു മരിച്ചത്. പ്രതി പൗഡിക്കോണം ചെല്ലമംഗലം പ്ലാവിള വീട്ടിൽ ബിനു (50) ചികിത്സയിലാണ്.

വീട്ടിൽ നിന്ന് വിളിച്ചിറക്കിയ സരിതയുടെ ശരീരത്തിലേക്ക് ബിനു പെട്രോളൊഴിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ബിനുവിനും പൊള്ളലേറ്റിരുന്നു. ഇതേ തുടര്‍ന്ന് ബിനു ചികിത്സയിലാണ്.

ഇന്നലെ രാത്രി എട്ടു മണിയോടെ ആക്ടിവ സ്കൂട്ടറിൽ ബിനു മേലെ കുണ്ടയത്തുള്ള സരിതയുടെ വീട്ടിലെത്തി. കന്നാസിൽ 5 ലിറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്. തുടർന്ന് സരിതയെ ബിനു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. ശേഷം ഇരുവരും തമ്മില്‍ സംസാരവും വാക്കേറ്റവും ആയി. സ്‌കൂട്ടറില്‍ കരുതിയിരുന്ന കന്നാസില്‍നിന്ന് സരിതയുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ പടർന്നു. തുടർന്ന് ബിനു വീട്ടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടി.

യുവതിയുടെ മകളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ യുവതിയെ മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റ സരിത ഇന്ന് രാവിലെ തീവ്ര പരിചരണ വിഭാഗത്തിൽ മരണത്തിന് കീഴടങ്ങി.

വിധവയായ സരിത സമീപത്തെ സ്കൂളിൽ ആയയായി ജോലിനോക്കുകയാണ്. ഭർത്താവ് പരേതനായ അനിൽകുമാർ. മകൾ അനുഗംഗ ഡിഗ്രി വിദ്യാർത്ഥിയാണ്. മാതാവ് ഗോമതി അമ്മ.പിതാവ് പരേതനായ ഗോപാലകൃഷ്ണൻ. പോസ്റ്റ്മോർട്ടത്തിന് ശേഷം സഹോദരൻ സജീവിന്റെ ചേങ്കോട്ടുകോണം ഗുരുദേവപുരത്തെ വീട്ടിലെത്തിച്ചശേഷം മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിച്ചു.

അതേസമയം കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമനസേനാംഗങ്ങൾ കിണറ്റിലിറങ്ങിയാണ് ബിനുവിനെ രക്ഷിച്ചത്. ഇയാൾക്ക് 50 ശതമാനം പൊള്ളലേറ്റു. ഇയാളുടെ സ്കൂട്ടറിൽ നിന്നും വെട്ടുകത്തിയും മണ്ണു് കലർത്തിയ മുളകുപൊടിയും ഒരു വെട്ടുകത്തിയും കണ്ടെടുത്തു. സ്ഥലത്ത് ഫോറൻസിക്, വിരളടയാളവിദഗ്ധരും പരിശോധന നടത്തി. എന്നാൽ ഇതുവരെയും പ്രതിയുടെ മൊഴി എടുക്കാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പ്രതിയുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു .

Share This Post
Exit mobile version