Press Club Vartha

മോഡൽ റസിഡൻഷ്യൽ വിദ്യാലയങ്ങൾ കുട്ടികൾ ആഗ്രഹിക്കുന്ന വിദ്യാഭ്യാസത്തിന്: മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന തോന്നയ്ക്കൽ മോഡൽ റസിഡൻഷ്യൽ വിദ്യാലയത്തിന്റെയും നൈപുണ്യ പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം പട്ടികജാതി- പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. പട്ടികജാതി-പട്ടികവർഗ വിഭാഗം വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന് നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശീലിപ്പിക്കുന്ന കേന്ദ്രമായിട്ടാകും മോഡൽ സ്കൂൾ ആദ്യം പ്രവർത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു.

ആദ്യ ഘട്ടത്തിൽ ഏവിയേഷൻ കോഴ്സ് ആരംഭിക്കും. വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന പഠന സാഹചര്യമൊരുക്കാനാണ് മോഡൽ സ്കൂളുകൾ സ്ഥാപിക്കുന്നത്. 33 മോഡൽ റസിഡൻഷ്യൽ സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഈ സ്കൂളുകൾ എല്ലാം വാർഷിക പരീക്ഷകളിൽ മികച്ച വിജയം കാഴ്ചവെക്കുന്നത് അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. പോത്തൻകോട് പഞ്ചായത്തിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ് നാടിന് സമർപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. പരിശീലന കേന്ദ്രം പോത്തൻകോട് പഞ്ചായത്തിലും സമീപ പഞ്ചായത്തിലുമുള്ള നിരവധി വിദ്യാർത്ഥികൾക്ക് തൊഴിൽ ലഭ്യമാകുന്നതിന് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള 150 കുട്ടികളും പട്ടികവർഗ്ഗത്തിൽപ്പെട്ട 150 കുട്ടികളും ഉൾപ്പെടെ 300 കുട്ടികൾക്കാണ് ആദ്യം പ്രവേശനം ലഭിക്കുക. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ റീജിയണൽ മാനേജർ ജയകൃഷ്ണൻ.എം റിപ്പോർട്ട്‌ അവതരിപ്പിച്ചു

കിഫ്‌ബി ഫണ്ട്‌ 16. 95 കോടി രൂപ വിനിയോഗിച്ചാണ് റസിഡൻഷ്യൽ വിദ്യാലയത്തിന്റെ കെട്ടിട സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. ഇരുനിലകളിലായി 10 ക്ലാസ്സ്‌ മുറികൾ, കോൺഫറൻസ് ഹാൾ ഉൾപ്പെട്ട അക്കാദമിക് -അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, മൂന്ന് നിലകളിലായി 210 വിദ്യാർത്ഥികളെ പാർപ്പിക്കാൻ കഴിയുന്ന ഹോസ്റ്റൽ, കിച്ചൻ ബ്ലോക്ക്‌, റീക്രീയേഷൻ റൂം, ലൈബ്രറി, സ്റ്റാഫ്‌ കോർട്ടേസുകൾ എന്നിവ അടങ്ങിയതാണ് കെട്ടിട സമുച്ചയം.

ചടങ്ങിൽ വി. ശശി എം. എൽ. എ, പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻ്റ് കെ. വേണുഗോപാലൻ നായർ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ആർ. അനിൽ, പട്ടികജാതി പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു.

Share This Post
Exit mobile version