Press Club Vartha

സ്മാർട്ട്സിറ്റി പദ്ധതിയിൽ 684 കോടി രൂപ ചെലവഴിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയിൽ ഇതുവരെ 684 കോടി രൂപ ചെലവഴിച്ച് വിവിധ പദ്ധതികൾ നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്മാർട്ട് സിറ്റിയിൽ 504 കോടി രൂപ ചെലവഴിച്ച് 52 പദ്ധതികൾ പൂർത്തിയാക്കി. 17 പദ്ധതികൾ പുരോഗമിക്കുന്നു. ഇതിൽ ചിലത് ജൂൺ മാസം പൂർത്തിയാകും. സ്മാർട്ട് സിറ്റിയുടെ ഭാഗമായ സിറ്റീസ് 2.0 പദ്ധതിയിൽ 133 കോടി രൂപ കൂടി തിരുവനന്തപുരത്തിന് ലഭിക്കും.

സിറ്റീസിന്റെ ഭാഗമായി സ്മാർട്ട് സിറ്റി നഗരങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഇന്റർവ്യൂ നടത്തി തിരഞ്ഞെടുത്ത 18 നഗരങ്ങളിൽ തിരുവനന്തപുരവും ഉൾപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അധിക തുക ലഭിക്കുന്നത്. സിറ്റീസ് പദ്ധതിയിലൂടെ മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനാകും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാലിന്യ നിക്ഷേപം നിരീക്ഷിക്കാനും സമാഹരിക്കാനും മൂല്യവർധിത ഉത്പന്നങ്ങളായി മാറ്റാനും കഴിയും. അടുത്ത ഘട്ടമായി സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂമുകൾക്ക് നാലു കോടി രൂപ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

വിവിധ കോർപറേഷനുകളുടെ സൗന്ദര്യവത്ക്കരണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. നഗരസഭയിലെ ഇന്റഗ്രേറ്റഡ് കമാൻഡ് ആന്റ് കൺട്രോൾ സെന്റർ, പാളയം മൾട്ടിലെവൽ കാർ പാർക്കിംഗ്, പാളയം മാർക്കറ്റിലെ പുനരധിവാസ ബ്ളോക്ക്, മുട്ടത്തറ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ റെസ്റ്റ് റൂം, വിവിധ സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് അധ്യക്ഷത വഹിച്ചു. മേയർ ആര്യാ രാജേന്ദ്രൻ, എം. എൽ. എമാരായ ആന്റണി രാജു, വി. കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയർ പി. കെ. രാജു, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Share This Post
Exit mobile version