Press Club Vartha

കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

കൊച്ചി: കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനലിന്‍റെ ആദ്യ ഘട്ടം പൂർത്തിയായി. പുതിയ മെട്രൊപാത പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. ഓൺലൈനായാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഇതോടെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ നീളത്തിൽ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയായി. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ഹൈബി ഈഡൻ എം പി, കെ ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തൃപ്പൂണിത്തുറയിൽ 1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്.

തൃപ്പുണിത്തുറയിൽ നിന്നും ഗംഗ എന്ന പേരിട്ടിരിക്കുന്ന ആദ്യ മെട്രൊ ട്രെയിനിന്‍റെ സർവീസ് ആണ് നടന്നത്. ഉദ്ഘാടനത്തിനു ശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിന്‍ ആലുവയിലേക്ക് പുറപ്പെട്ടു.

ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമുൾപ്പെടെ 448.33 കോടി രൂപയാണ് ചെലവ് വന്നിട്ടുള്ളത്. കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്‌ 379 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.

കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക്‌ ലൈൻ നിർമ്മാണത്തിനാണ് ഈ തുക ഉപയോഗിക്കുക. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന്‌ ഭരണാനുമതി നൽകുന്നതാണ്‌ ധനവകുപ്പിന്റെ അംഗീകാരം. 11.8 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മിക്കുന്ന രണ്ടാംഘട്ടം 2025ൽ തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

Share This Post
Exit mobile version