Press Club Vartha

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി; കേന്ദ്ര സർക്കാർ ഉത്തരം പറയണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചത്. ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ചീഫ് ഇലക്ഷൻ കമ്മീഷണർ രാജിവച്ചത് വളരെ ഗൗരവകരമായ ഒരു കാര്യമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ത്യയിലെ പ്രതിപക്ഷവും സാധാരണ ജനങ്ങളും മുൻപ് പറഞ്ഞതുപോലെ ഇലക്ഷൻ കമ്മീഷൻ പൂർണമായും ബിജെപിയുടെ നിയന്ത്രണത്തിലാണെന്നതിന്റെ ഉദാഹരണമാണിതെന്നും അതിൻറെ മറ്റൊരു വശമാണ് നമുക്കിപ്പോൾ കാണാൻ സാധിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. പ്രധാനമന്ത്രി മോദിയുടെയും അദ്ദേഹം തിരഞ്ഞെടുത്ത ഒരു മന്ത്രിയുടെയും ഭൂരിപക്ഷ വോട്ടോടെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന പുതിയ നിയമം മോദി സർക്കാർ നേരത്തെ അവതരിപ്പിച്ചിരുന്നു. അതിനാൽ, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, ഗോയലിൻ്റെ രാജിയോടെ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിൽ 2 ഇലക്ഷൻ കമ്മീഷണർമാരെ നിയമിക്കാനുള്ള അവസരം മോദി സർക്കാരിന് കൈവന്നിരിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ഒന്നുകിൽ ബിജെപിയിൽ നിന്നുള്ള വളരെ വലിയ സമ്മർദ്ദം താങ്ങാൻ ആവാതെയോ, അതുമല്ലെങ്കിൽ നിഷ്പക്ഷമായ ഒരു തെരഞ്ഞെടുപ്പ് നടത്തുവാനുള്ള സാഹചര്യം ഉണ്ടാകുവാൻ സാധ്യതയില്ല എന്നുള്ളതിനാലോ ആയിരിക്കാം ചീഫ് ഇലക്ഷൻ കമ്മീഷണർ രാജിവെച്ചത്. ഏതായാലും ഇതിനു ഉത്തരം പറയേണ്ടത് ബിജെപിയും കേന്ദ്രസർക്കാരുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Share This Post
Exit mobile version